ടി20 ലോകകപ്പ്; ഇന്ത്യ – പാക് പോരാട്ടം ഒക്ടോബര്‍ 24 ന്

ദുബായ്: ടി20 ലോകകപ്പിന്റെ മത്സര ക്രമം പ്രഖ്യാപിച്ചു. യോഗ്യത മത്സരങ്ങള്‍ ഒക്ടോബര്‍ 17നും സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നും ആരംഭിക്കും. നവംബര്‍ 14 നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും.

ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണ്. ഒക്ടോബര്‍ 24 ന് ദുബായില്‍ വെച്ചാണ് മത്സരം. പാകിസ്ഥാനു ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലന്‍ഡാണ്.

ഒക്ടോബര്‍ 31നാണ് കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും.

നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം. ആറു രാജ്യങ്ങള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം.

ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യത റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി അണിനിരക്കും.

 

 

Top