ടി20 ലോകകപ്പ്: കിവികളെ വീഴ്ത്തി പാക്കിസ്താന് ജയം

ടി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്താന് തുടര്‍ച്ചയായ രണ്ടാം ജയം. ന്യൂസീലന്‍ഡിനെ കീഴടക്കിയാണ് പാകിസ്താന്‍ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താന്‍ മറികടന്നത്. ന്യൂസീലന്‍ഡ് മുന്നോട്ടുവച്ച 135 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ മറികടന്നു. 33 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍ പാകിസ്താന്റെ ടോപ്പ് സ്‌കോററായി. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.

പാകിസ്താന്റെ അതേ നാണയത്തില്‍ ന്യൂസീലന്‍ഡ് തിരിച്ചടിച്ചപ്പോള്‍ ബാബറിനോ റിസ്‌വാനോ കഴിഞ്ഞ മത്സരത്തിലെ മികവ് തുടരാനായില്ല. തുടക്കം മുതല്‍ പാക് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് കിവീസ് നടത്തിയത്. പവര്‍പ്ലേയില്‍ വെറും 30 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. ബാബര്‍ അസമിനെ (9) അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. ആറാം ഓവറില്‍ ടിം സൗത്തി ബാബറിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

ഫഖര്‍ സമാന്‍ (11) ഇഷ് സോധിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ മുഹമ്മദ് ഹഫീസിനെ (11) മിച്ചല്‍ സാന്റ്‌നര്‍ ഡെവോണ്‍ കോണ്‍വേയുടെ കൈകളിലെത്തിച്ചു. മുഹമ്മദ് റിസ്‌വാനെ (33) ഇഷ് സോധിയും ഇമാദ് വാസിമിനെ (11) ട്രെന്റ് ബോള്‍ട്ടും വിക്കറ്റിനു മുന്നില്‍ കുരുക്കി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു. 27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ഏഴാം നമ്പറിലെത്തിയ ആസിഫ് അലിയുടെ കൂറ്റന്‍ ഷോട്ടുകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഷൊഐബ് മാലിക്കും ബൗണ്ടറികള്‍ കണ്ടെത്തി. ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവര്‍ പുറത്താവാതെ നിന്നു. 48 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഈ സഖ്യം പടുത്തുയര്‍ത്തിയത്.

Top