കോഹ്ലി വിശ്രമത്തില്‍, ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും; ടീമില്‍ ഇടം നേടി സഞ്ജുവും ശിവം ദുബെയും

വിരാട് കോഹ്ലി വിശ്രമത്തില്‍ പ്രവേശിച്ചതോടെ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും എന്നാണ് റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലുമായി 48 മത്സരങ്ങളാണ് 2018 ഒക്ടോബര്‍ മുതല്‍ കോഹ്ലി ഇന്ത്യയ്ക്കായി കളിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ താരത്തിന് വിശ്രമം അനുവദിച്ചത്.

മലയാളി താരം സഞ്ജു സാംസണും ശിവം ദുബെയും കളിക്കുന്നുണ്ട്. ഈ മാസം നടന്ന കേരളയും ഗോവയും തമ്മിലുളള വിജയ് ഹസാരെ മത്സരത്തില്‍ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 129 ബോളില്‍നിന്നും 20 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 212 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. ഈ മികച്ച പ്രകടനം തന്നെയാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കയറികൂടാനുള്ള വഴി ഒരുക്കിയത്. ഇന്ത്യന്‍ ടീമിലേക്ക് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ശ്രാദുല്‍ ഠാക്കൂറും മടങ്ങിയെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ പരിമിത ഓവര്‍ സീരീസില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയതാണ് ദുബെയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നേടിക്കൊടുത്തത്. അഞ്ചു ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍തന്നെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ ദുബെ മികച്ച സ്‌കോര്‍ നേടി. 60 ബോളില്‍നിന്നും 79 റണ്‍സാണ് ദുബെ നേടിയത്. മൂന്നാം മത്സരത്തില്‍ 28 ബോളില്‍നിന്നും 45 റണ്‍സും നാലാം മത്സരത്തില്‍ 17 ബോളില്‍നിന്നും 31 റണ്‍സും 26 കാരനായ ദുബെ നേടി.

Top