ഷാര്‍ജ: ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഷാര്‍ജയില്‍ രാത്രി 7.30നാണ് മത്സരം. ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച പാകിസ്ഥാന് ലോകകപ്പില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സ്വപ്നത്തില്‍പ്പോലും അസാധ്യമെന്ന് വേണമെങ്കില്‍ പറയാം. അതേസമയം, ന്യൂസിലന്‍ഡിന്റെ ടൂര്‍ണ്ണമെന്റിലെ ആദ്യത്തെ മല്‍സരമാണ്.
കഴിഞ്ഞ മാസം പാകിസ്ഥാനില്‍ നടക്കേണ്ട ന്യൂസിലന്‍ഡിനെതിരായ പരമ്പര സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പരമ്പര ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യം കൂടി ഇന്ന് പാകിസ്ഥാനുണ്ട്. ലോകക്രിക്കറ്റില്‍ പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചെന്നാണ് അവരുടെ വാദം. ഇതിന് ജയത്തിലൂടെ മറുപടി നല്‍കാനാണ് ബാബര്‍ അസമിന്റെയും കൂട്ടരുടെയും ലക്ഷ്യം.
പാകിസ്ഥാന്‍ ആരാധകര്‍ക്കും അതുപോലെ തന്നെ പഴയ താരങ്ങള്‍ക്കുമെല്ലാം ഈ സംഭവം കനത്ത തിരിച്ചടിയായിരുന്നു. ഇതിനെതിരെ അക്തര്‍ ഉള്‍പ്പെടുന്ന പഴയ താരങ്ങളെല്ലാം വിമര്‍ശനങ്ങളുമായി മുന്നിലെത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ റമീസ് രാജ നേരത്തെ വ്യകതമാക്കിയിരുന്നു.
ബാബര്‍ അസം നായകനാകുന്ന ടീമിന്റെ ഓപ്പണിങ് ബാബറും മുഹമ്മദ് റിസ്വാനും ആണ്. റിസ്വാന്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ കാഴ്ചവെക്കുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററും റിസ്വാന്‍ ആണ്. പിന്നീട് വരുന്ന ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ഹൈദര്‍ അലി, ആസിഫ് അലി എന്നിവരാണ് പാകിസ്ഥാന്റെ ബാറ്റിങ്ങ് നിരയിലെ താരങ്ങള്‍. ഇമാദ് വാസിം, ശദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവരാണ് പാകിസ്ഥാന്റെ ബൗളിങ്ങ് താരങ്ങള്‍. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ അഫ്രീദിയാണ് ഇന്ത്യന്‍ ടീമിനെ തകര്‍ത്തത്.
ന്യൂസിലന്‍ഡ് നിര ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമാണ്. ബാറ്റിങ്ങ് നിരയില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍, ടിം സെയ്‌ഫെര്‍ട്, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്സ്, ജിമ്മി നീഷാം തുടങ്ങിയ ശക്തമായ ബാറ്റര്‍മാര്‍ ആണുള്ളത്. ബൗളിങ്ങ് നിരയില്‍ കൈല്‍ ജേമിസണ്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി തുടങ്ങി മികച്ച ബൗളര്‍മാരാണുള്ളത്.
ടീമില്‍ മാറ്റത്തിനും സാധ്യത തീരെ കുറവ്. ടി20യില്‍ പുതിയ മേല്‍വിലാസമുണ്ടാക്കാന്‍ ഇറങ്ങുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍മാരായ ന്യൂസിലന്‍ഡിന് ഷഹീന്‍ അഫ്രീദിയുടെ ആദ്യസ്‌പെല്‍ അതിജീവിക്കുകയാവും പ്രധാന വെല്ലുവിളി. ഫോമിലേക്കുയര്‍ന്നാല്‍ ഏത് ടീമിനെയും തകര്‍ക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ന്‍ വില്യംസന്റെ സംഘത്തില്‍.