തന്ത്രശാലി, പ്രശാന്ത് കിഷോർ ഇതുവരെ അറിഞ്ഞതല്ല, യഥാർത്ഥ നേതാക്കൾ !

ബംഗാളില്‍ ഇത് വിളവെടുപ്പിന്റെ കാലമാണ്. കാര്‍ഷിക വിളവെടുപ്പല്ല, രാഷ്ട്രീയ വിളവെടുപ്പാണ്, ഈ സംസ്ഥാനത്തിപ്പോള്‍ അരങ്ങേറുന്നത്. വിവിധ പാര്‍ട്ടി നേതാക്കളെ വരുതിയിലാക്കുന്ന ‘പണി’ ചെയ്യുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയുമാണ്. ഇതിനായി വാഗ്ദാനപ്പെരുമഴയാണ് പെയ്തിറങ്ങുന്നത്. നോട്ടു കെട്ടുകള്‍ക്കും പദവികള്‍ക്കും വേണ്ടി വിശ്വസിച്ച പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരുടെ എണ്ണവും ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.

ഭരണം കൈവിട്ട് പോകാതിരിക്കാന്‍ സകല അടവുകളും പയറ്റുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. ഇത്തവണ മമതയുടെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പ് പ്രചരണ ചുമതല പ്രശാന്ത് കിഷോറിനിയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച കിഷോര്‍ തന്നെയാണ് തമിഴകത്ത് ഡി.എം.കെയുടെ പ്രചരണവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാക്ഷാല്‍ മോദിയുടെ അടുത്ത് പോലും വിജയിച്ച ഈ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് കണക്കുകള്‍ പിഴച്ചിരിക്കുന്നത് പക്ഷേ സി.പി.എമ്മിൻ്റെ കാര്യത്തിലാണ്.

മമതയുടെ തൃണമൂലിന് വേണ്ടി ‘ചാക്കുമായിറങ്ങിയ’ പ്രശാന്ത് കിഷോറിനും സംഘത്തിനും മുഖമടിച്ചുള്ള മറുപടിയാണ് സി.പി.എം നേതാക്കള്‍ നല്‍കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ വിലക്കുവാങ്ങാനായാണ് എത്തിയതെങ്കില്‍ അത് നടപ്പില്ലെന്നും അതിനായി ഇനി ഇങ്ങോട്ട് വരരുതെന്നുമായിരുന്നു മറുപടി. മുന്‍ എംഎല്‍എ മാരെയും സിറ്റിംഗ് എംഎല്‍എയേയും വിലയ്ക്കുവാങ്ങാനെത്തിയ സംഘം ഇതോടെ ഇളിഭ്യരായാണ് മടങ്ങിയിരിക്കുന്നത്.

സിറ്റിംഗ് എംഎല്‍എ മമതാ റോയ്, മുന്‍ എംഎല്‍എ മാരായ ലക്ഷ്മി കാന്ത റോയ്, ബാനാമലി റോയ് എന്നിവരുടെ വീട്ടിലെത്തിയ പ്രശാന്ത് കിഷേർ സംഘമാണ് അപമാനിക്കപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ കൂടെ നിര്‍ത്തി വടക്കന്‍ ബംഗാളില്‍ നേട്ടം കൊയ്യാമെന്ന തൃണമൂല്‍ ലക്ഷ്യത്തിന്റെ ഭാഗമായായിരുന്നു പ്രശാന്ത് കിഷോര്‍ സംഘത്തിന്റെ ഗൃഹ സന്ദര്‍ശനങ്ങൾ. കിഷോറിന്റെ സംഘത്തില്‍ നിന്നാണെന്ന് പരിചയപ്പെടത്തി നിരവധി ഫോണ്‍ കോളുകളും നേരത്തെ ഇവര്‍ക്ക് വന്നിട്ടുണ്ട്.

ആഗസ്റ്റ് 13ന് രണ്ട് പ്രതിനിധികളാണ് ലക്ഷ്മി കാന്ത റോയുടെ വീട്ടിലെത്തിയത്. ഈ കമ്മൂണിസ്റ്റിന്റെ വീടും പരിസരവും കണ്ട് സ്വാധീനിക്കാന്‍ വന്നവര്‍പോലും അമ്പരക്കുകയുണ്ടായി. മണ്ണ് തേച്ച വീടിനകം കണ്ട് അത്ഭുതപ്പെട്ട തൃണമൂല്‍ പ്രതിനിധികള്‍ തങ്ങളുമായി സഹകരിച്ചാല്‍ ഉയര്‍ന്ന സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരെ വിലക്കെടുക്കാമെന്ന് കരുതേണ്ടെന്നാണ് തൃണമൂലിന് ലക്ഷ്മി കാന്ത നൽകിയിരിക്കുന്ന മറുപടി.

മമത റോയ്, മുന്‍ എംഎല്‍എ ബനാമലി റോയ് എന്നിവരുടെ ഭവനങ്ങളിലും ഇതേ വാദ്ഗാനങ്ങളുമായി തന്നെയാണ് ഈ സംഘമെത്തിയിരുന്നത്. എന്നാല്‍ നിരാശ തന്നെയായിരുന്നു അവിടെയും ഫലം. വാദ്ഗാനം നിരസിക്കുകയും മേലില്‍ ഇതും പറഞ്ഞ് വീട്ടിലേക്ക് വരരുതെന്നുമാണ് ഈ കമ്മ്യൂണിസ്റ്റുകളെല്ലാം താക്കീത് ചെയ്തിരിക്കുന്നത്. പ്രശാന്ത് കിഷോര്‍ സംഘം ബനാമലി വീട്ടിലേക്ക് പ്രവേശിക്കുന്നതും അവർ തടയുകയുണ്ടായി. പ്രശാന്ത് കിഷോറിനെ സംബന്ധിച്ച് ഇത് വേറിട്ടൊരു അനുഭവം കൂടിയാണ്.

ഒരു കോർപ്പറേഷൻ അംഗമായാൽ പോലും മണിമാളികകൾ കെട്ടി പൊക്കുന്ന കാലത്താണ് എം.എൽ.എമാരായി ഇരുന്ന സി.പി.എം നേതാക്കൾ ഇപ്പോഴും കുടിലുകളിൽ കഴിയുന്നത്. യഥാർത്ഥ ജനനേതാക്കൾ ഇവരാണെന്ന് സ്വാധീനിക്കാൻ പോയവർക്കു പോലും നേരിട്ട് ബോധ്യപ്പെട്ട സന്ദർഭം കൂടിയാണിത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ അഴിമതി മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാള്‍ തൃണമൂലിന് നഷ്ടമായിരുന്നത്. ഇത് തിരിച്ചുപിടിക്കാന്‍ സത്യസന്ധരായ നേതാക്കളെ തൃണമൂലിന് അനിവാര്യമാണ്. പ്രശാന്ത് കിഷോർ മമതക്ക് മുന്നിൽ അവതരിപ്പിച്ചതും ഈ യാഥാർത്ഥ്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് സി.പി.എം നേതാക്കളായ മമതാ റോയ്, ബാനാമലി റോയ്, ലക്ഷ്മികാന്ത റോയ് എന്നിവരെ, തൃണമൂൽ സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സി.പി.എം നേതാക്കൾ മുഖം തിരിച്ചതോടെ തുടക്കത്തിൽ തന്നെ ഈ നീക്കം തകരുകയാണുണ്ടായത്.

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിച്ഛായ ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാമെന്ന തൃണമൂലിന്റെ കണക്ക് കൂട്ടലാണ് ഇവിടെ തരിപ്പണമായിരിക്കുന്നത്. പണത്തിന്നും പദവിക്കും മീതെയാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളും പറക്കുക എന്ന് ബംഗാളിനെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണിത്.

Top