Tahawwur Rana knew about my association with LeT: David Coleman Headley

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ എതിര്‍ വിസ്താരം ആരംഭിച്ചു. അമേരിക്കയിലെ ജയിലില്‍ കഴിയുന്ന തഹാവൂര്‍ റാണയ്ക്ക് ലഷ്‌കറെ തൊയിബയുമായി യാതൊരു ബന്ധമില്ലെന്ന് ഹെഡ്‌ലി പറഞ്ഞു. എന്നാല്‍ ലഷ്‌കറുമായി താന്‍ സഹകരിച്ചിരുന്ന വിവരം റാണയ്ക്ക് അറിയാമായിരുന്നുവെന്നും ഹെഡ്‌ലി ക്രോസ് വിസ്താരത്തിനിടെ വ്യക്തമാക്കി.

മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ എതിര്‍വിസ്താരം ചെയ്യുന്നത്. വിസ്താരം നാലു ദിവസം വരെ തുടരുമെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വ്യക്തമാക്കി. അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിസ്താരം നടക്കുന്നത്.

ഫെബ്രുവരി 13നാണ് ഹെഡ്‌ലിയുടെ ഒരാഴ്ച നീണ്ടുനിന്ന മൊഴിയെടുപ്പ് അവസാനിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്‌ലി.

ഭീകരാക്രമണത്തിന് ഐഎസ്‌ഐ സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണ നല്‍കിയിരുന്നതായി ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. ഭീകരസംഘടനകളായ ലക്ഷര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായിരുന്നു സഹായം നല്‍കിയിരുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. ആക്രമണം സംഘടിപ്പിക്കുന്നതില്‍ താനും പങ്കാളിയായിരുന്നുവെന്നും ഹെഡ്‌ലി സമ്മതിച്ചിരുന്നു.

Top