ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐ.ബി. ഉദ്യോഗസ്ഥന്‍ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് പിന്നാലെ സഹോദരനും അറസ്റ്റില്‍. താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലമാണ് അറസ്റ്റിലായത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന ആക്രമണ സംഭവങ്ങളുടെ മുഖ്യ ആസൂത്രകന്‍ ഷാ അലം ആണെന്നാണ് പോലീസ് കരുതുന്നത്. ഷാ അലമിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ ഷാ അലമിനും പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ താഹിര്‍ ഹുസൈനെ വ്യാഴാഴ്ചയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. താഹിറിന്റെ പിതാവ്, മകന്‍, ഏതാനും അയല്‍ക്കാര്‍ എന്നിവരെയും പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. കലാപത്തിന് താഹിറിന് സഹായം ചെയ്തുകൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി.
ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 731 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 1,983 പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേര്‍ക്ക് പരിക്കേറ്റു.