എട്ട് മാസങ്ങള്‍ക്ക് ശേഷം തായ്വാനില്‍ വീണ്ടും കോവിഡ്;കാരണക്കാരന് ലക്ഷങ്ങള്‍ പിഴ

തായ്പേയ്:253 ദിവസത്തിന് ശേഷം തായ്വാനില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. തായ്വാനിലെ ഇവ എയര്‍ലൈന്‍സിലെ പൈലറ്റായ ന്യൂസിലാന്‍ഡ് സ്വദേശിയില്‍ നിന്നാണ് തായ്വാന്‍ സ്വദേശിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. കാരണക്കാരനായ പൈലറ്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. തായ്വാന്‍ സ്വദേശിനിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൈലറ്റുമായുള്ള കോണ്‍ടാക്ട് മനസ്സിലായത്.

ഡിസംബര്‍ 20നാണ് പൈലറ്റിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗസംബന്ധമായ വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ എട്ട് ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലി സമയത്ത് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും കോക്ക്പിറ്റില്‍ പോലും മാസ്‌ക് ധരിച്ചില്ലെന്നും ഇയാളെ പുറത്താക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

തായ്വാനില്‍ തിരിച്ചെത്തുന്ന പൈലറ്റുമാര്‍ മൂന്ന് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പരിശോധനക്ക് വിധേയമാകണമെന്നുമായിരുന്നു നിര്‍ദേശം. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ പൈലറ്റ് പരിശോധനക്ക് പോയിരുന്നില്ല. അതേസമയം, യു.എസില്‍ നിന്നും തിരിച്ചു വരികയായിരുന്ന ഫ്ളൈറ്റില്‍ ഇയാള്‍ക്ക് ചുമയടക്കമുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും ഈ വിവരം മറച്ചു വെക്കുകയായിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Top