താജ്മഹലിൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ 369ാം ഉറൂസ് നാളെ മുതൽ. ഫെബ്രുവരി ആറു മുതൽ എട്ട് വരെയാണ് ഉറൂസ് നടക്കുക. ഷാജഹാന്റെ ചരമദിനത്തിൽ നടത്തപ്പെടുന്ന ഉറൂസ് താജ്മഹലിൽ വർഷം തോറും മൂന്ന് ദിവസങ്ങളിലായാണ് നടക്കാറുള്ളത്. ഈ ചടങ്ങ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതോടെയാണ് ഈ വർഷത്തെ ഉറൂസ് വാർത്തകളിൽ നിറഞ്ഞത്.
ഉറൂസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശർമയാണ് ആഗ്ര കോടതിയിൽ വെള്ളിയാഴ്ച ഹരജി നൽകിയത്. എന്നാൽ മാർച്ച് നാലിനാണ് ഹരജി കോടതി പരിഗണിക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളിൽ മതചടങ്ങുകൾ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശർമ ദി പ്രിൻറിനോട് പറഞ്ഞു.
ഉറൂസ് സംഘാടക സമിതിക്ക് മുൻകൂർ അനുമതി നൽകിയിട്ടില്ലെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സ്മാരകത്തിനുള്ളിൽ ഏതെങ്കിലും മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് കമ്മിറ്റിയെ തടയണമെന്നും ശർമ പറഞ്ഞു.