ക്ഷേത്രത്തിനകത്ത് അശ്ലീല ചിത്രങ്ങൾ കണ്ട ശാന്തിക്കാരനെ സംരക്ഷിക്കുന്നുവെന്ന്

കൊച്ചി: ക്ഷേത്രത്തിനകത്തിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ട ശാന്തിക്കാരനും കഴകക്കാരനും കുറ്റക്കാരനാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടും നടപടിയില്ലെന്ന് പരാതി.

ഇതേ തുടർന്ന് പുതിയേടം സ്വദേശി സി.എസ് ഉണ്ണികൃഷ്ണൻ തിരുവതാംകൂർ-കൊച്ചി ദേവസ്വം ഓംബുഡ്സ്മാനു പരാതി നൽകി.

കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രമായ കാഞ്ഞൂർ നമ്പിള്ളി പന്തയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ (തൃപ്പൂണിത്തുറ ഗ്രൂപ്പ് ചൊവ്വര ദേവസ്വം കീഴേടം ക്ഷേത്രം)മുൻ ശാന്തിക്കാരനും, കഴകക്കാരനുമെതിരെയാണ് പരാതി.

അശ്ലീല ചിത്രങ്ങൾ ക്ഷേത്രത്തിനകത്തിരുന്ന് മൊബൈലിൽ കണ്ടതായി തെളിഞ്ഞിട്ടും അത് ഒതുക്കി തീർത്തതാണ് വിവാദമായിരിക്കുന്നത്.

വിജിലൻസ് അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ ഉണ്ടായില്ലെന്ന് ഭക്ത ജനങ്ങൾ ആരോപിക്കുന്നു.

ഭക്ത ജനങ്ങൾ ക്ഷേത്ര ഉപദേശക സമിതിക്കും കൊച്ചി ദേവസ്വം ബോർഡിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം .2015 ലാണ് പരാതിക്കടിസ്ഥാനമായ സംഭവങ്ങൾ പുറത്തറിയുന്നത്.

ക്ഷേത്രം സംബന്ധി അടിയന്തിരക്കാരനായ മനോജ് മാരാരാണ് തന്ത്രപരമായി ക്ഷേത്രത്തിനകത്തിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ട ശാന്തിക്കാരനെയും കഴകക്കാരനെയും പിടികൂടിയത്.

പ്രധാന പ്രതിഷ്ഠയായ മഹാവിഷ്ണുവിനെ കൂടാതെ എട്ട് ഉപദേവ പ്രതിഷ്ഠകളും പ്രധാന ശ്രീകോവിൽ കൂടാതെ മറ്റു നാല് ശ്രീകോവിലുകളും പ്രത്യേകമായുള്ള ഈ മഹാക്ഷേത്രത്തിൽ രണ്ട് നേരം പൂജയുണ്ട്.

വെള്ളാരപ്പിള്ളിയിലെ നാലമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഇപ്രകാരമുള്ള ക്ഷേത്രത്തിൽ ഒരു ഇളം പ്രായക്കാരനെ മേൽശാന്തിയായി നിയമിച്ചതിൽ ഭക്ത ജനങ്ങൾക്കും മറ്റും അമർഷം നിലനിൽക്കെയാണ് അശ്ലീല ചിത്രങ്ങൾ കണ്ട സംഭവം നടന്നത്.

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനാൽ കുറ്റവാളികൾക്കെതിരെ വകുപ്പുതല നടപടിക്കു ശുപാർശ ചെയ്തിരുന്നു. എന്നാൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളൊന്നും ഉണ്ടായില്ല. പകരം സംഭവം പുറത്തറിയിച്ച മനോജ് മാരാരെ പുറത്ത് നിർത്തുകയാണ് ചെയ്തത്.

കുറ്റ ആരോപിതനായ മേൽശാന്തിയെ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ആറങ്കാവ് ക്ഷേത്രത്തിലേക്ക് മാറ്റി നിയമിക്കുകയും കഴകക്കാരനെ നമ്പിള്ളി ക്ഷേത്രത്തിൽ നില നിർത്തുകയും ചെയ്യുകയായിരുന്നുവത്രെ . ഈ നടപടിയാണ് ഇപ്പോൾ ഒരു വിഭാഗത്തെ പ്രകോപിതരാക്കിയിരിക്കുന്നത്.

Top