ടോക്കിയോ; ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരില്‍ നടക്കുന്ന അവകാശത്തര്‍ക്കമാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. ദ്വീപില്‍ ദക്ഷിണ കൊറിയ ഏകപക്ഷീയമായി നടത്തുന്ന ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ജപ്പാന്റെ വാദം. അതിനിടെ ദ്വീപുകളുടെ അവകാശം പിടിച്ചെടുക്കാന്‍ ജപ്പാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകരും പൊലീസും തമ്മില്‍ ടോക്കിയോയില്‍ ഏറ്റുമുട്ടലുണ്ടായി.
ജപ്പാന്‍ സമുദ്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപുകളുടെ സമൂഹമാണ് ടക്കേഷിമ ദ്വീപ സമൂഹം. ദക്ഷിണ കൊറിയയില്‍ ഇത് ഡോക്ക്‌ഡോ എന്നറിയപ്പെടുന്നു. ജപ്പാനും അമേരിക്കയുമായുള്ള സമാധാന ഉടമ്പടിക്ക് ശേഷം 1954 മുതല്‍ ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപുകള്‍. ദക്ഷിണ കൊറിയയുടെ അവകാശവാദത്തിനെതിരെ ജപ്പാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ തീര്‍പ്പായിട്ടില്ല. ദ്വീപസമൂഹത്തില്‍ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്ന് സ്ഥാപിക്കുന്നതിനായി ഫെബ്രുവരി 22 ടക്കേഷിമ ദിനമായി ജപ്പാന്‍ ആചരിച്ചുപോരുന്നു. ദിനാചരണ പരിപാടികള്‍ക്കായി ടോക്കിയോയില്‍ എത്തിയവരില്‍ ചിലരാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
2011ല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കിന്റെ ടക്കേഷിമ ദ്വീപ് സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അവകാശ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയത്. ദക്ഷിണ കൊറിയയിലെ വിവിധ നേതാക്കള്‍ പിന്നീട് ദ്വീപില്‍ സന്ദര്‍ശനത്തിനെത്തി. ജപ്പാന്റെ അനുമതി ഇല്ലാതെ ദ്വീപിന് സമീപം ദക്ഷിണ കൊറിയ നടത്തുന്ന സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങളും സൈനിക പരിശീലന പരിപാടികളും പ്രശ്‌നം കൂടുതല്‍ വഷളാക്കി.