അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അണക്കെട്ടിന് നേരെ ഭീകരാക്രമണം, പത്ത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച സെല്‍മ അണക്കെട്ട് ലക്ഷ്യമിട്ട് താലിബാന്റെ ഭീകരാക്രമണം.

ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. അണക്കെട്ടിനു സമീപം സുരക്ഷാജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സെല്‍മ അണക്കെട്ടിനു സമീപത്തെ ചെക്ക് പോസ്റ്റിനു നേരെ ശനിയാഴ്ച രാത്രിയാണു ആക്രമണം നടന്നത്.

ആക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റതായും അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സേന നടത്തിയ തിരിച്ചടിയില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പടിഞ്ഞാറന്‍ ഹിറാത് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജെലാനി ഫര്‍ഹാദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഹിറാത് പ്രവിശ്യയില്‍ ഇന്ത്യഅഫ്ഗാന്‍ സൗഹൃദത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ് സെല്‍മ അണക്കെട്ട്. യുദ്ധം തകര്‍ത്തു കളഞ്ഞ അഫ്ഗാനിസ്ഥാനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1,700 കോടിയോളം രൂപ മുടക്കി ഇന്ത്യ നിര്‍മിച്ച ഈ ഡാം, 2016 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ‘അഫ്ഗാന്‍ മിഷന്‍’ പൂര്‍ത്തിയാക്കി പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ, അഫ്ഗാനിസ്ഥാനില്‍ വീണ്ടും വന്‍തോതില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍ ഭീകരര്‍. ഈദുല്‍ ഫിത്‌റിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹകരിക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, താലിബാന്‍ ഭീകരരെ ആഹ്വാനം ചെയ്തു.

Top