കാബൂള്‍: സല്‍മ അണക്കെട്ടിനു നേരെ താലിബാന്റെ ആക്രമണം വലിയ സുരക്ഷ ആശങ്കയാകുന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയില്‍ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സല്‍മ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് അണക്കെട്ടിനെതിരെ താലിബാന്‍ മോട്ടര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
അതേസമയം ആക്രമണത്തിന് പിന്നാലെ അണക്കെട്ടിന്റെ ചുമതലയുള്ള അഫ്ഗാന്‍ നാഷനല്‍ വാട്ടര്‍ അതോറിറ്റി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. താലിബാന്റെ ആക്രമണം രൂക്ഷമായാല്‍ മഹാദുരന്തം ഉണ്ടാകുമെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഭീകരുടെ മോട്ടര്‍ ഷെല്ല് ആക്രമണം രൂക്ഷമായാല്‍ സല്‍മ അണക്കെട്ട് തകരും.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പല ഷെല്ലുകളും അണക്കെട്ടിന് അടുത്താണ് പതിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്ന വലിയ ദുരന്തമാണ് അണക്കെട്ട് തകര്‍ത്താന്‍ സംഭവിക്കുക. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തില്‍ തകര്‍ക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി അറിയിച്ചു.