അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. ഒരു കായിക ഇനത്തിലും സ്ത്രീകളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചയാണ് താലിബാന്‍ വിശദമാക്കിയത്. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം പുറത്ത് കാണുമെന്നതിനാലാണ് വിലക്കെന്നാണ് താലിബാന്റെ വിശദീകരണം.

കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകള്‍ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നാണ് താലിബാന്റെ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കുന്നത്.

Top