ഇന്ത്യന്‍ അംബാസിഡര്‍ അടക്കം 80 പേരെ താലിബാന്‍ കാബൂളില്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്

ദില്ലി: അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പടെ 80 പേരെ ഇന്നലെ താലിബാന്‍ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. പിന്നീട് അമേരിക്കയുടെ സഹകരണം തേടിയ ശേഷമാണ് രണ്ടു വിമാനങ്ങളിലായി 120-ത്തിലധികം പേരെ ഒഴിപ്പിക്കാനായത്.

നിലവിലെ സാഹചര്യത്തില്‍ ഇനി കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് വൈകിയേക്കുമെന്ന് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. വൈകിട്ട് ദില്ലിയില്‍ മന്ത്രിസഭാ സമിതി യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി.

ആശങ്ക അവസാനിപ്പിച്ച് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് ഒരു വിമാനം ഉച്ചക്ക് 12ന് ഗുജറാത്തിലെ ജാംനഗറിലും വൈകീട്ട് അഞ്ചിന് ദില്ലിയിലും എത്തി. പാക്കിസ്ഥാന്റെ വ്യോമ മേഖല ഒഴിവാക്കി ഇറാന്‍ വഴിയാണ് വിമാനം ദില്ലിയില്‍ തിരിച്ചെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി 17 വിമാനങ്ങള്‍ കാബൂളിലെത്തിയത്. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്നലെ രാവിലെ തുടങ്ങി. ആദ്യം 45 പേരുടെ സംഘം വിമാനത്താവളത്തിലെത്തി.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ഉള്‍പ്പടെ പിന്നാലെ പുറപ്പെട്ട എണ്‍പത് പേരെ താലിബാന്‍ ഭീകരര്‍ തടയുകയും അവരെ തിരിച്ചയക്കുകയും ചെയ്തു. എംബസിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ക്കായില്ല. ഇതോടെ 45 പേരുമായി ഒരു വ്യോമസേനാ വിമാനം ഇന്നലെ ദില്ലിയില്‍ എത്തി.

കാബൂള്‍ എംബസിയില്‍ കുടുങ്ങിയവരെ മോചിപ്പിക്കാന്‍ അമേരിക്കയുടെ സഹകരണം ഉന്നതതലത്തില്‍ ഇന്ത്യ തേടി. താലിബാനുമായും സംസാരിച്ചു. അതിനു ശേഷമാണ് അംബാസഡര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്ന് വിമാനത്താവളത്തില്‍ എത്താനായത് എന്നാണ് സൂചന.

നിലവിലെ സാഹചര്യത്തില്‍ ഇനി അഫ്ഗാനില്‍ ഉള്ളവരെ ഒഴിപ്പിക്കുക സങ്കീര്‍ണ്ണമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഇതിനായി ഇന്ത്യ തേടും.

വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രമേ അവേശിഷിക്കുന്നവരെ ഇന്ത്യയിലേക്ക് കൊണ്ടു വരാനാവൂ. കമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് അനുമതി കിട്ടിയ ശേഷമാകും ഇനിയുള്ള ഒഴിപ്പിക്കല്‍ എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്.

 

 

Top