കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍. കാബൂളിന് പുറത്തുള്ള പ്രധാന നഗരമായ ജലാലാബാദ് പിടിച്ചെടുത്തതായി താലിബാന്‍ അറിയിച്ചു. ഇതോടെ അഫ്ഗാന്‍ സര്‍ക്കാരിന് കീഴിലുള്ള ഏക പ്രധാന നഗരമായി കാബൂള്‍ മാറി. ജലാലാബാദ് പിടിച്ചടക്കിയതോടെ കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ കാബൂളിന് സാധിക്കില്ല.
ഞായറാഴ്ച രാവിലെയാണ് ജലാലാബാദ് താലിബാന്‍ പിടിച്ചെടുത്തത്. നന്‍ഗരാര്‍ പ്രവശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ താലിബാന്‍ ഓണ്‍ലൈനില്‍ പങ്കു വച്ചിരുന്നു. ഏറ്റുമുട്ടലില്ലാതെയാണ് നഗരം കീഴടക്കിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസര്‍-ഇ-ഷരീഫ് പിടിച്ചടക്കിയതിന് പിന്നാലെയാണ് ജലാലാബാദിലേക്ക് താലിബാന്‍ നീങ്ങിയത്. അഫ്ഗാന്‍-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ജലാലാബാദ്. ഇവിടം പിടിച്ചടക്കിയതോടെ പാകിസ്ഥാനിലേക്കുള്ള റോഡുകളുടെ നിയന്ത്രണം താലിബാന്റെ കൈവശമായി.
രാജ്യത്തെ 34 പ്രവശ്യകളില്‍ 26 എണ്ണവും താലിബാന്‍ പിടിച്ചടക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാന്‍ പിടിച്ചടക്കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ സമ്പൂര്‍ണ പിന്മാറ്റം സെപ്റ്റംബര്‍ 11 നാണ് പൂര്‍ത്തിയാകുന്നത്. താലിബാന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റം കണക്കിലെടുത്ത് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് മുന്‍പ് തന്നെ താലിബാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.