അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്ത് ഒരു മാസം പിന്നിടുമ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ഏതാണ്ട് തീരുമാനമാകുന്നു. മുമ്പ് താലിബാന്‍ രാജ്യം ഭരിച്ചപ്പോഴും ഇവിടെ സംഗീതം നിരോധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇക്കാര്യം താലിബാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും. കാര്യങ്ങളുടെ പോക്ക് അങ്ങോട്ട് തന്നെയാണ്. താലിബാന്‍ തീവ്രവാദികള്‍ കലാകാരന്മാരെ അപമാനിക്കുന്നത് ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ പല വിവാഹ ഹാളുകളിലെയും ഒത്തുചേരലുകളില്‍ സംഗീതം പരിമിതപ്പെടുത്തിയിട്ടുണ്ട്. സംഗീതജ്ഞര്‍ക്ക് പരിപാടി അവതരിപ്പിക്കാനും ഭയമാണുള്ളത്. തലസ്ഥാനത്തിന് ചുറ്റുമുള്ള നിരവധി ചെക്ക്പോസ്റ്റുകളിലൊന്നില്‍ താലിബാന്‍ പോരാളികള്‍ സംഗീതോപകരണങ്ങള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ടും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
ചെക്ക്പോസ്റ്റ് കാണുമ്പോഴെല്ലാം താലിബാനെ പേടിച്ച് ഡ്രൈവര്‍മാര്‍ അവരുടെ റേഡിയോകള്‍ പോലും നിശബ്ദമാക്കുകയാണ്. സംഗീതം ഉപജീവനമാക്കിയ നല്ലൊരു വിഭാഗം ഇതിനകം തന്നെ രാജ്യം വിട്ടു കഴിഞ്ഞു. അവശേഷിക്കുന്നവരും കിട്ടുന്ന ആദ്യ ചാന്‍സില്‍ രക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ്. ”കൊറോണയും വിലക്കും ചേര്‍ന്ന് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് സംഗീതജ്ഞര്‍ ഉള്ളത്. പല സംഗീതജ്ഞരും വിസക്ക് അപേക്ഷിച്ച് കാത്തിരിപ്പിലാണ്. അഫ്ഗാനിസ്ഥാനില്‍ വലിയ ആഘോഷമായിരുന്ന വിവാഹ ഹാളുകളില്‍ ഇപ്പോള്‍ തത്സമയ സംഗീതമോ ഡിജെകളോ ഇല്ല. വനിതാ വിഭാഗത്തിനുള്ള ഹാളിലേക്ക് താലിബാന് പ്രവേശനം കുറവാണെങ്കിലും നിരീക്ഷണം ശക്തമാണ്.
സ്ത്രീ ഡിജെകളും തിരശ്ശീലക്ക് പിന്നിലാണ്. കരോക്കെ പാര്‍ലറുകള്‍ അടച്ചിട്ടിരിക്കുകയാണ്. തുറന്ന പലയിടത്തുമാകട്ടെ അക്രമങ്ങളും വ്യാപകമാണ്. തീവ്രവാദികള്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട് സംഗീത സംബന്ധമായ അടയാളങ്ങളും സ്റ്റിക്കറുകളും എല്ലാം വ്യാപകമായാണ് നശിപ്പിക്കുന്നത്. അഫ്ഗാനിലെ പ്രശസ്തമായ ദേശീയ സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടും പൊടിപിടിച്ച് അടഞ്ഞ് കിടക്കുകയാണ്. 350 വിദ്യാര്‍ത്ഥികളാണിവിടെ പഠിച്ചിരുന്നത്. താലിബാനോട് സഖ്യമുള്ളതായി കണക്കാക്കുന്ന ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ ഈ സ്ഥാപനമുള്ളത്. ഇവിടെയുള്ള സംഗീത ഉപകരണങ്ങള്‍ എന്ത് ചെയ്യണമെന്ന ഉത്തരവിനായ് താലിബാന്‍ കാവല്‍ക്കാരും കാത്തിരിപ്പിലാണ്.
അഫ്ഗാനിസ്ഥാനിലെ സര്‍വ്വ മേഖലകളുമാണ് ഇപ്പോള്‍ നശിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ വിട്ടു തടങ്കലിലായ അവസ്ഥയാണുള്ളത്. സര്‍വ്വകലാശാലാ വി.സി ആയി നിയമിച്ചിരിക്കുന്നതും യോഗ്യത ഇല്ലാത്തയാളെയാണ്. പുതിയ തലമുറ അനുഭവിച്ച് കൊണ്ടിരുന്ന സ്വാതന്ത്ര്യമെല്ലാം ഒറ്റയടിക്കാണ് താലിബാന്‍ ഇല്ലാതാക്കിയിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് സംഗീതത്തിന്റെ കടയ്ക്കലും ഇപ്പോള്‍ കത്തിവച്ചിരിക്കുന്നത്.
ഇറാനിയന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ട അഫ്ഗാനിസ്ഥാന് ശക്തമായ സംഗീത പാരമ്പര്യമാണുള്ളത്. പരമ്പരാഗത താളങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഡാന്‍സ് ബീറ്റുകളും ചേര്‍ന്ന പോപ്പ് സംഗീതവും ഏറെ മനോഹരമാണ്. ഇത് രണ്ടും കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വലിയ രൂപത്തിലാണ് അഭിവൃദ്ധിപ്പെട്ടു വന്നിരുന്നത്. അതെല്ലാം ഒറ്റയടിക്ക് താലിബാന്‍ അവസാനിപ്പിക്കുമ്പോള്‍ കൂടുതല്‍ വികൃതമാക്കപ്പെടുന്നത് അഫ്ഗാനിസ്ഥാന്റെ മുഖം കൂടിയാണ്. സംഗീതത്തെ പോലും ശത്രുവായി കാണുന്ന താലിബാനില്‍ നിന്നും അഫ്ഗാന്‍ ജനതയുടെ ദുരിതങ്ങള്‍ കൂടാനാണ് വഴി. ചെറുത്ത് നില്‍പ്പിനായി പുതിയ കരുത്ത് ഉദയം ചെയ്യുംവരെ താലിബാന്റെ വിളയാട്ടം തുടരാനാണ് സാധ്യത.
EXPRESS KERALA VIEW