താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 160 യാത്രക്കാരെ വിട്ടയച്ചെന്ന് റിപ്പോര്‍ട്ട് .

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 160 യാത്രക്കാരെ വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 20 പേരോളം വരുന്ന പട്ടാളക്കാരെയും പൊലീസുദ്യോഗസ്ഥരെയും ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കാബൂള്‍ പ്രവിശ്യയിലെ കുണ്ടൂസ് പ്രവിശ്യയില്‍ നിന്ന് താക്കറിലേക്ക് പോകുന്ന ദേശീയപാതയില്‍ വെച്ചാണ് താലിബാന്‍ തീവ്രവാദികള്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയത്.

മൂന്ന് ബസുകളിലുമായി 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കുണ്ടുസിലെ സെക്യൂരിറ്റി കമാന്‍ഡിന്റെ സെക്യൂരിറ്റി ഡയറക്ടറായ സൈഫുള്ള മഹാസോണാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ബസിലുള്ള സിവിലിയന്‍സിനെ വിട്ടയക്കുമെന്നും ,സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ബന്ദികളാക്കുകയെന്നും താലിബാന്‍ വക്താവ് പറഞ്ഞിരുന്നു. ബസിലുള്ളവരുടെ മോചനത്തിനായി സൈന്യം തീവ്രവാദികളുമായി പോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈദുല്‍ അദ്ഹ പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനുമായി നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച അഫ്ഗാനിലെ ഗസ്‌നിയില്‍ താലിബാന്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ അഞ്ചു ദിവസം നീണ്ട ഏറ്റുമുട്ടലില്‍ 150 സൈനികരും 95 സിവിലിയന്‍സും കൊല്ലപ്പെട്ടിരുന്നു.

Top