കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍

കാബൂള്‍: കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ പുനരാരംഭിക്കുന്നതിനെ സഹായിക്കാനായി വ്യോമയാന വിദഗ്ധര്‍ കാബൂളിലേക്കെത്തിയതാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനായി ഖത്തറില്‍ നിന്നുള്ള വിമാനം കാബൂളില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാങ്കേതിക സഹായം നല്‍കുന്നത് സംബന്ധിച്ച് ഖത്തര്‍ വ്യോമയാനസംഘം ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. എന്നാല്‍ താലിബാന്റെ അഭ്യര്‍ഥന പ്രകാരമാണ് ഖത്തറില്‍ നിന്നുള്ള സംഘം അഫ്ഗാനില്‍ എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനുമാണ് വിമാനത്താവളപ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.

Top