വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവുമില്ല, മത പഠനം മാത്രം മതി; താലിബാന്‍

കാബൂള്‍: കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഇല്ലാതിരുന്ന 2000നും 2020 കാലത്ത് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. അമേരിക്കയുടെ പിന്തുണയോടെ ഹമീര്‍ കര്‍സായിയും അഷ്‌റഫ് ഗനിയും അഫ്ഗാന്‍ ഭരിച്ചിരുന്ന കാലത്ത് സര്‍ക്കാര്‍ സേനയ്‌ക്കെതിരെ പോരാട്ടം നടത്തുകയായിരുന്നു താലിബാന്‍. ഈ രണ്ട് പതിറ്റാണ്ടുകാലം അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിനു പിന്നാലെ പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പോകുന്നത് താലിബാന്‍ വിലക്കി. അമേരിക്കന്‍ സൈന്യം പിന്മാറിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചെടുത്തത്. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്നു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് തിരിച്ചെത്താം എന്നാണ് താലിബാന്‍ വ്യക്തമാക്കിയത്.

വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ആറാം ഗ്രേഡ് വരെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ താലിബാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുന്ന് പഠിക്കാന്‍ പാടില്ല.

പ്രത്യേക ക്ലാസ് മുറികളില്‍ ഇരിക്കണം. സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കണം. ഇത്തരത്തിലുള്ള ക്ലാസ് മുറികളുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

 

Top