ദോഹ ചര്‍ച്ച അവസാനിച്ചു; അമേരിക്ക സഹായം നല്‍കുമെന്ന്‌ താലിബാന്‍, മൗനത്തില്‍ യു.എസ്

ദോഹ: ഓഗസ്റ്റില്‍ സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം അമേരിക്കയും താലിബാന്‍ നേതാക്കളും തമ്മിലുള്ള ആദ്യ ചര്‍ച്ച ദോഹയില്‍ അവസാനിച്ചു. ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍, രാജ്യത്തിന് മാനുഷിക സഹായം നല്‍കാന്‍ യുഎസ് സമ്മതിച്ചതായി താലിബാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ അവകാശവാദം യുഎസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാനും, യുഎസ് പൗരന്മാരെ ഒഴിപ്പിക്കുന്നതിലും, മാനുഷിക സഹായങ്ങളിലും ഖത്തറിലെ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചര്‍ച്ചകള്‍ ‘സത്യസന്ധവും പ്രൊഫഷണലും’ ആയിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, കൂടിക്കാഴ്ച താലിബാനെ അംഗീകരിക്കുന്നതിന് തുല്യമല്ലെന്നാണ് യു.എസ് അറിയിച്ചത്.

അഫ്ഗാന്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അര്‍ഥവത്തായ പങ്കാളിത്തം, അമേരിക്കന്‍ പൗരന്‍മാര്‍ക്കും മറ്റ് വിദേശ പൗരന്മാര്‍ക്കും അഫ്ഗാന്‍ പങ്കാളികള്‍ക്കും മനുഷ്യാവകാശങ്ങള്‍, സുരക്ഷിതമായ യാത്ര എന്നിവയില്‍ യുഎസ് പ്രതിനിധി ശ്രദ്ധ കേന്ദ്രീകരിച്ചു.

അതേസമയം, ഖൊറാസന്‍ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വാഷിംഗ്ടണുമായി സഹകരിക്കില്ലെന്ന് താലിബാന്‍ അറിയിച്ചു. പ്രദേശം നിയന്ത്രിക്കാന്‍ അറിയാമെന്നും അവര്‍ വ്യക്തമാക്കി.

Top