മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ബുര്‍ഖ / ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാതെ വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ സര്‍വകലാശാലയില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞതോടെ ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമായ “സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം” , ‘വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ സര്‍വ്വകലാശാലയുടെ വാതിലില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന് പിന്നാലെ താലിബാന്‍ സൈനികന്‍ ഇവര്‍ക്കെതിരെ ചാട്ടവാര്‍ വീശുന്നതും വീഡിയോകളില്‍ കാണാം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ബുര്‍ക്ക ധരിക്കാത്തതിന്‍റെ പേരില്‍ ബദാക്ഷാൻ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില പെണ്‍കുട്ടികളെ വിലക്കിയിരുന്നെന്ന് ബിബിസി പേർഷ്യൻ റിപ്പോർട്ട് ചെയ്തു. കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, കുട്ടികളെ ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടുമാണ് താലിബാന്‍ നേരിട്ടത്.
വിദ്യാർത്ഥികളെ താലിബാൻ ആക്രമിച്ചതായും വിദ്യാര്‍ത്ഥിനികള്‍ക്ക് മുഴുവൻ മൂടുപടങ്ങൾ നൽകണമെന്ന് അവർ ആവശ്യപ്പെടുന്നതായും ബദക്ഷാൻ സർവകലാശാലയുടെ പ്രസിഡന്‍റ് നഖിബുള്ള ഗാസിസാദെ അഫ്ഗാൻ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം നടത്തിയത് സർവകലാശാലയാണെന്നും അല്ലാതെ താലിബാൻ സർക്കാരല്ലെന്നും ബദാക്ഷനിലെ താലിബാൻ സര്‍ക്കാറിന്‍റെ പ്രോസ്പിരിറ്റി ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്‍റ് തലവൻ ഷിർ മുഹമ്മദ് പറഞ്ഞു.
“ഗേറ്റ് അടച്ചിടുകയും പെൺകുട്ടികൾ പ്രതിഷേധിക്കുകയും ചെയ്തതിന്‍റെ കാരണം ബദക്ഷൻ സർവകലാശാലാ കമ്മിറ്റിയുടെ പ്രകടനമാണ്. പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം, ഞങ്ങൾ ഞങ്ങളുടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അവിടെ അയച്ചു. അവരെ ഉപദേശിക്കാനും വിവരം തിരക്കാനും അവര്‍ക്ക് ഞങ്ങൾ നിർദ്ദേശം നൽകിയിരുന്നു. അക്രമം അവസാനിപ്പിക്കാനും പ്രശ്നം പരിഹരിക്കാനും പൊലീസ് സ്റ്റേഷൻ മേധാവി അവരെ ഉപദേശിക്കും. ” താലിബാന്‍ വക്താവ് പറഞ്ഞു.
“കാബൂൾ മുതൽ ബദാക്ഷാൻ വരെ സ്ത്രീകൾ നീതിക്ക് വേണ്ടി, മനുഷ്യത്വത്തിന് വേണ്ടി, അഫ്ഗാനിസ്ഥാന് വേണ്ടി നിലകൊള്ളുന്നു !” മുൻ അഫ്ഗാനി സർക്കാരിൽ പാർലമെന്‍റേറിയനായി സേവനമനുഷ്ഠിച്ച ഫൗസിയ കൂഫി ട്വീറ്റ് ചെയ്തു. “ഞങ്ങൾ അടിച്ചമർത്തലിന്‍റെ നിരീക്ഷകരാണെങ്കിൽ, സിവിൽ ചെറുത്തുനിൽപ്പിന്‍റെ പരിധി വരെ നമ്മുടെ ഉത്തരവാദിത്തങ്ങളും കടമകളും നിറവേറ്റുന്നില്ലെങ്കിൽ, ഞങ്ങൾ അടിച്ചമർത്തലിന്‍റെ പങ്കാളികളാണ്. അടിച്ചമർത്തലിന്‍റെ വ്യാപ്തി നമ്മുടെ വീടുകളിലേക്ക് കടക്കാൻ അധികം താമസിക്കില്ല. അഫ്ഗാനിസ്ഥാന് വേണ്ടി നിലകൊള്ളുക. !” അവര്‍ കൂട്ടിച്ചേര്‍ത്തു. “തകര്‍ക്കപ്പെടുമെന്ന് ഭയപ്പെടരുത്. ശക്തരാകുക. താലിബാന്‍റെയും മുല്ലയുടെയും മതിൽ ഞങ്ങൾ തകർക്കും.” ഇറാനിയൻ ആക്ടിവിസ്റ്റ് മസിഹ് അലിനെജാദ് ട്വീറ്റ് ചെയ്തു.