ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന്‍ പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ജനുവരിയില്‍ കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായുള്ള സംവാദ പരിപാടിയായ ടോക് ടു എകെ ആദ്യമായി നടത്തിയത്. കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളടക്കം ചര്‍ച്ച ചെയ്ത പരിപാടി ഒരു വെബ് സൈറ്റില്‍ തല്‍സമയം ചര്‍ച്ച ചെയ്തിരുന്നു.
എന്നാല്‍ പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയയെ കുടുക്കിയത്. ഇതേത്തുടര്‍ന്ന് സിസോദിയയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.