കടലില്‍ കുടുങ്ങിയ അഭയാര്‍ത്ഥികള്‍ വലെന്‍സിയ തുറമുഖത്തെത്തി

വലെന്‍സിയ : കടലില്‍ കുടുങ്ങിയ അറുന്നൂറിലേറെ അഭയാര്‍ഥികളുമായി ആദ്യ ഇറ്റാലിയന്‍ സര്‍ക്കാര്‍ കപ്പല്‍ വലെന്‍സിയ തുറമുഖത്തെത്തി. ഇന്ന് രാവിലെ 7നാണ് ഇറ്റലിയുടെ തീരക്കടല്‍ കപ്പലായ ഡാറ്റീലോ തുറമുഖത്തെത്തിയത്. തുടര്‍ന്ന് അക്വേറീയസും നാവികസേനയുടെ കപ്പലായ ഓറിയോണും അഭയാര്‍ത്ഥികളുമായി തീരത്തെത്തും.

629 കുടിയേറ്റക്കാരാണ് കടലില്‍ കുടുങ്ങിക്കിടന്നത്. ഇവരെ രക്ഷിച്ച എംവി അക്വാറിയൂസ് കപ്പലിനെ തീരത്തണയാന്‍ അനുവദിക്കാതെ ഇറ്റലിയും മാള്‍ട്ടയും തുറമുഖങ്ങള്‍ അടച്ചിടുകയായിരുന്നു. കപ്പലിന് മാള്‍ട്ട അനുവാദം നല്കണമെന്ന് ഇറ്റലിയും ഇറ്റലിയാണ് തീരത്ത് അടുപ്പിക്കേണ്ടതെന്ന് മാള്‍ട്ടയും നിലപാടെടുക്കുകായിരുന്നു. മാള്‍ട്ടയില്‍നിന്ന് 27ഉം ഇറ്റലിയില്‍ നിന്ന് 35ഉം നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(എം.എസ്.എഫ്) സംഘത്തിന്റെ നിയന്ത്രണത്തിലുള്ള എം.വി അക്വാറിയൂസ് കപ്പല്‍. കപ്പലില്‍ 123 കുട്ടികളും ഏഴ് ഗര്‍ഭിണികളുമുണ്ട്.
spain-1

അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും ഇനി ഇറ്റലി അംഗീകരിക്കില്ലെന്ന് അടുത്തിടെ അധികാരത്തിലേറിയ ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രിയും തീവ്രവലത് കക്ഷിയായ ലീഗ് പാര്‍ട്ടിയുടെ നേതാവുമായ മാറ്റിയോ സാല്വിനി പറഞ്ഞിരുന്നു. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സി ഇറ്റലിയോടും മാള്‍ട്ടയോടും ആവശ്യപ്പെട്ടിരുന്നു.

അക്വാറിയൂസ് കപ്പലിലുള്ള അഭയാര്‍ഥികളെ സുരക്ഷിതമായി തീരത്തെത്തിക്കാനുള്ള അടിയന്തര പരിഹാരമാര്‍ഗങ്ങള്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്ന് ഏജന്‍സി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ഇത് അവഗണിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ ഇടപെട്ടിരുന്നു.

Top