ചെന്നൈ : തമിഴ് നടന്‍ ഫ്ലോറൻറ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു . കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്ലോറൻറ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു. തുടർന്ന് രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2003ല്‍ വിജയ് നായകനായ പുതിയ ഗീതൈയിലൂടെയാണ് ഫ്ലോറന്റ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഭു സോളമന്റെ കയല്‍ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊടിവീരന്‍, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം, തരാമണി, ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം എന്നീ സിനികളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രശസ്ത സംവിധായകന്‍ സീനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.