ചെന്നൈ: വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഉയിര് കൊടുക്കുന്നവരാണ് തമിഴകത്തെ ആരാധകര്‍.
തിരിച്ച് ആരാധകരോടും താര പരിവേഷമില്ലാതെ വൈകാരികമായി ഇടപെടുന്നവരാണ് താരങ്ങളും.
പരസ്പരം ഉള്ള ഈ സ്‌നേഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ആരാധകന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന തമിഴ് നടന്‍ കാര്‍ത്തിയുടെ ദൃശ്യങ്ങളാണത്.
തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായ ജീവന്‍കുമാര്‍ (27 )ന്റെ ചേതനയറ്റ ശരീരം കണ്ടാണ് കാര്‍ത്തി പൊട്ടിക്കരഞ്ഞത്.
ചെന്നൈയില്‍ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജീവന്‍ കുമാര്‍ സഞ്ചരിച്ചിരുന്നത്.
ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്.
ജീവന് ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാര്‍ത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ കാര്‍ത്തിയുടെ നിയന്ത്രണം വിട്ടു.
അപ്രതീക്ഷിതമായ അപകടമരണം കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്.
മൂന്നുമാസം മുന്‍പാണ് ജീവന്‍ വിവാഹിതനായത്. ജീവന്റെ വിവാഹ ചടങ്ങിലും കാര്‍ത്തി പങ്കെടുത്തിരുന്നു. പാണ്ഡിരാജിന്റെ ഹാസ്യ ചിത്രത്തില്‍ അഭിനിയിച്ചുകൊണ്ടിരിക്കുന്ന കാര്‍ത്തി നിലവില്‍ ബ്രേക്ക് എടുത്തിരിക്കുകയാണ്.
പരസ്പരം പാരവയ്ക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയും, ആരാധകരെ കൂലി തൊഴിലാളികളായി മാത്രം കാണുകയും ചെയ്യുന്ന മലയാളത്തിലെ താരങ്ങള്‍ കണ്ടു പഠിക്കണം നടന്‍ കാര്‍ത്തിയെ . .തമിഴ് താരങ്ങളെ . .
മുന്‍പ് നടന്‍ വിജയ് യുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തവെ വീണു മരിച്ച പാലക്കാട് സ്വദേശിയെ കാണാന്‍ വിജയ് കുതിച്ചെത്തിയിരുന്നു.
വലിയ സാമ്പത്തിക സഹായം അടക്കം കൈമാറിയാണ് വിജയ് അന്ന് മടങ്ങിയത്.