ഗുണ റിലീസ് ചെയുമോ എന്ന ആവശ്യവുമായി തമിഴ് പ്രേഷകര്‍; സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ശക്തം

ഴയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ റീ റിലീസ് ചെയുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഒരു സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയിന്‍തന്നെ നടക്കുന്നത് അത്രയേറെ കണ്ടുവരാത്തൊരു കാര്യമാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ട് ഇപ്പോള്‍. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമാണ് ഉയരുന്നത്. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്‌സും. കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനേക്കാള്‍ വലുതാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം. ഓരോ ദിവസവും എല്ലാ പ്രദര്‍ശനവും ഹൗസ്ഫുള്‍ എന്ന അവസ്ഥയായിരിക്കുന്നു തമിഴ്‌നാട്ടില്‍. ഒപ്പം പ്രദര്‍ശനത്തിനുണ്ടായിരുന്ന ജയംരവി ചിത്രം സൈറണ്‍, കാളിദാസ് ചിത്രം പോര്‍ എന്നിവയെ മലര്‍ത്തിയടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ തംരഗമാവുന്നത്. അതിന് കാരണമായതില്‍ പ്രധാന പങ്കുവഹിച്ചതാകട്ടെ ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനത്തിന്റെ സാന്നിധ്യവും.

കേരളത്തില്‍ ചിത്രം രണ്ടാംവാരത്തിലേക്ക് കടന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തമിഴ് ചലച്ചിത്ര പ്രേമികളുടെ ഭാഗത്തുനിന്ന് വലിയൊരു ആവശ്യം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്നതാണ് അക്കാര്യം. നിലവില്‍ തമിഴില്‍ കാര്യമായ റിലീസുകള്‍ ഇല്ലാത്തതിനാല്‍ ഗുണ വീണ്ടും പ്രദര്‍ശനത്തിനെത്തിക്കാന്‍ ഇതിലും വലിയ അവസരം വേറെയില്ല എന്നാണ് ഇതില്‍ പലരും ചൂണ്ടിക്കാണിക്കുന്ന വസ്തുത. പുതിയ തലമുറയ്ക്ക് ഈ ചിത്രം തിയേറ്ററില്‍ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായാണ് ഗുണ റിലീസായത്. സന്താനഭാരതിയായിരുന്നു സംവിധാനം. മണിരത്‌നം സംവിധാനം ചെയ്ത് രജനികാന്ത്-മമ്മൂട്ടി ടീം ഒന്നിച്ച ദളപതിയുമായാണ് ഗുണ ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും കാലിടറാനായിരുന്നു ഗുണയുടെ നിയോഗം. ചിത്രം ശരാശരി വിജയത്തിലൊതുങ്ങി. എന്നാല്‍ അതുവരെ ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന ഒരിടത്തെ ഗുണ കേവ് ആക്കി ഉയര്‍ത്തി, തമിഴ്‌നാട്ടിലെതന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കിയതിലും ചിത്രത്തിന് പങ്കുവഹിച്ചു.

മലയാളിയായ സാബ് ജോണ്‍, ബാലകുമരന്‍ എന്നിവരായിരുന്നു തിരക്കഥ. വേണുവാണ് ക്യാമറയ്ക്കുപിന്നില്‍. ഇളയരാജ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകരുടെ മനസിലുണ്ട്. ഇതില്‍ കണ്‍മണി അന്‍പോട് കാതലന്‍ എന്ന ഗാനം ക്ലാസിക് ആയാണ് അറിയപ്പെടുന്നത്.താനും ഇളയരാജയും തമ്മിലുള്ള പ്രേമലേഖനം എന്നാണ് അടുത്തിടെ കമല്‍ഹാസന്‍ ഈ ഗാനത്തെ വിശേഷിപ്പിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെയുള്ള അഭ്യര്‍ത്ഥന മാനിച്ച് ഗുണ റീ റിലീസ് ചെയ്യുമോയെന്ന് കാത്തിരുന്ന് കാണാം.

Top