ചെന്നൈ: ശനിയാഴ്ച പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് തേടാനിരിക്കെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തിമ തന്ത്രത്തില്‍.
ഡി എം കെ നിലപാടിന് അനുസരിച്ച് വോട്ട് ചെയ്യണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ്റ്റ് എം എല്‍ എമാര്‍ക്കിടയില്‍ ഭിന്നതക്ക് കാരണമായതായാണ് സൂചന.
മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ താല്‍പര്യപ്രകാരമാണ് ഈ നീക്കമെന്നതിനാല്‍ തിരുന്നവുക്കരശ് അനുകൂലികളായ ചിലര്‍ക്ക് ഇതില്‍ കടുത്ത എതിര്‍പ്പുണ്ടത്രെ. ഇവരില്‍ ആരെങ്കിലും വിപ്പ് ലംഘിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ ചെയ്താല്‍ പോലും അത് ആത്യന്തികമായി അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിനാണ് നേട്ടമാകുക.
ബി ജെ പി പനീര്‍ശെല്‍വ വിഭാഗത്തോടൊപ്പമായതിനാലും രാഹുല്‍ ഗാന്ധിക്ക് ശശികലയുടെ ഭര്‍ത്താവ് നടരാജനുമായി ബന്ധമുള്ളതിനാലും ചില കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പളനിസ്വാമിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമാണ്.
എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമി പരാജയപ്പെട്ടാല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കൂടെ നിര്‍ത്തുന്നതിനായി ഡിഎംകെ നേതാവ് സ്റ്റാലിന്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
അണ്ണാ ഡിഎംകെ 124 എം എല്‍ എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 പേരുടെ പിന്തുണയാണ്. ഇപ്പോള്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗസംഖ്യ ഉണ്ടെങ്കിലും എട്ടു പേര്‍ മറുപക്ഷത്തേക്ക് മാറിയാല്‍ പളനി സ്വാമിക്ക് ഭൂരിപക്ഷം നഷ്ടമാകും.
മൈലാപ്പൂര്‍ എം എല്‍ എയും മുന്‍ ഡിജിപിയുമായ ആര്‍ നടരാജ് പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ശശികല ക്യാംപ് ജാഗ്രതയിലാണ്.
കൂടെ ഉള്ളവരില്‍ ആരെങ്കിലും കാലുമാറിയാല്‍ പോലും പിടിച്ചു നില്‍ക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷ അംഗങ്ങളെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് അംഗങ്ങളെ നോട്ടമിടുന്നത്.
പനീര്‍ശെല്‍വ പക്ഷത്ത് നിലവില്‍ പത്തു പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ നടരാജന്റെ നിലപാടോടെ പതിനൊന്ന് പേരായി. സ്പീക്കര്‍ പി.ധനപാല്‍ നിഷ്പക്ഷ നിലപാടിലാണ്. ജയലളിതയുടെ മരണത്തോടെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
ഗവര്‍ണ്ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടും നാളെ തന്നെ വിശ്വാസവോട്ട് തേടാന്‍ പളനിസ്വാമിയെ പ്രേരിപ്പിച്ചത് എം എല്‍ എമാര്‍ മറുകണ്ടം ചാടുന്നത് തടയാനാണ്. ഇതിനിടെ എം എല്‍ എമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആവനാഴിയിലെ സകല അടവുകളും പനീര്‍ശെല്‍വ വിഭാഗവും പയറ്റുകയാണ്.
ശശികല ജയിലില്‍ പോകുന്നതിന് മുന്‍പ് നിയമിച്ച ബന്ധുക്കളായ ടി ടി വി ദിനകരനെയും വെങ്കിടേഷിനെയും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്‍മാനായിരുന്ന പനീര്‍ശെല്‍വ പക്ഷക്കാരനുമായ ഇ മധുസൂദനന്റെതാണ് നടപടി. താന്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തന്നെയാണെന്നും തന്നെയും പനീര്‍ശെല്‍വമടക്കമുള്ളവരെയും പുറത്താക്കിയ ശശികലയുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലന്നുമാണ് വാദം.
അണ്ണാ ഡിഎംകെ ഭരണഘടനാപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വമുള്ളവര്‍ക്കു മാത്രമേ ജനറല്‍ സെക്രട്ടറിയാവാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ശശികലക്കെതിരെ മധുസൂദനന്‍ ഇലക്ഷന്‍ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.