ചെന്നൈ: തമിഴ് സിനിമാസംവിധായകൻ എം. ത്യാഗരാജനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. വടപളനി എ.വി.എം. സ്റ്റുഡിയോയ്ക്ക് എതിർവശത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
എ.വി.എം. പ്രൊഡക്ഷൻസിന്റെ 150-ാമത്തെ സിനിമയായ മാനഗര കാവൽ (1991) സംവിധാനം ചെയ്തത് ത്യാഗരാജനായിരുന്നു. വിജയകാന്ത് നായകനായ ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു. വിരുദുനഗർ ജില്ലയിലെ അരുപ്പുക്കോട്ട സ്വദേശിയായ ത്യാഗരാജൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പൊണ്ണുപാർക്ക പോറേൻ, വെട്രി മേൽ വെട്രി തുടങ്ങിയവയാണ് മറ്റ് പ്രധാനചിത്രങ്ങൾ.
കുടുംബവുമായി പിരിഞ്ഞുതാമസിച്ചിരുന്ന അദ്ദേഹം അവസാനകാലത്ത് തീർത്തും ദാരിദ്ര്യത്തിലായിരുന്നു. സർക്കാരിന്റെ ന്യായവില ഭക്ഷണശാലയായ അമ്മാ ഉണവകത്തിൽനിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും പറയപ്പെടുന്നു. മരണത്തിൽ തമിഴ് സംവിധായകരുടെ സംഘടന അനുശോചിച്ചു.