ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.
ഗവര്‍ണര്‍ അനുകൂല നിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ജയകുമാര്‍ അറിയിച്ചു.
ചട്ടം 161 പ്രകാരം തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതുപയോഗിച്ചാണ് തമിഴ്‌നാട് മന്ത്രിസഭ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാന്‍ തീരുമാനമെടുത്തത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചത്.
മന്ത്രിസഭയുടെ തീരുമാനം തിങ്കളാഴ്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറും. അന്തിമ തീരുമാനം ഗവര്‍ണറുടേതാത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസുകളിലെ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അഭിപ്രായം തേടേണ്ടിവരും
ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ 27 വര്‍ഷമായി വെല്ലൂര്‍, മധുര സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നീ ഏഴു പ്രതികളും പുറത്തിറങ്ങും.
പേരറിവാളന്‍, നളിനി, മുരുകന്‍, ശാന്തന്‍ എന്നിവര്‍ വെല്ലൂര്‍ ജയിലിലും രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ മധുര ജയിലിലുമാണ് ഇപ്പോഴുള്ളത്.
നേരത്തെ 2016 ല്‍ ജയലളിത ഏഴുപേരെയും പേരെയും വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് വിട്ടയക്കാന്‍ അധികാരമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.