Tamil Nadu CB,CID in Kocho for the enquiry about train robbery

കൊച്ചി: സേലം-ചെന്നൈ പാതയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ചുകോടി രൂപ കവര്‍ന്ന സംഭവത്തില്‍ കൊച്ചിയിലേക്ക് അന്വേഷണം നീളുന്നു. തമിഴ്‌നാട് ക്രൈം ബ്രാഞ്ച്-സിഐഡി സംഘം കൊച്ചിയില്‍ എത്തി പരിശോധന നടത്തി.

കൊള്ള നടന്ന കോച്ച് സേലത്തെത്തിച്ചത് കൊച്ചിയില്‍ നിന്നാണ്. ഇതേത്തുടര്‍ന്നാണ് സംഘം കൊച്ചിയില്‍ എത്തി പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ സുരക്ഷ വീഴ്ച്ചയൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.

കൊള്ള നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് അറ്റകുറ്റപ്പണിക്കായി കോച്ച് സൗത്ത് യാര്‍ഡില്‍ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണോ മോഷ്ടാക്കള്‍ ട്രെയിനില്‍ ദ്വാരം ഇട്ടതെന്ന സംശയത്തിന്റെ പേരിലാണ് കൊച്ചിയില്‍ പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളുകളും സംഘം പരിശോധിച്ചു. നാലു ദിവസം മുമ്പാണ് സംഘം ക്രൈം ബ്രാഞ്ച് സംഘം കൊച്ചിയില്‍ എത്തിയത്.

സേലത്തുനിന്ന് 226 തടിപ്പെട്ടികളിലായി മൂന്നു ബോഗികളില്‍ കൊണ്ടുവന്നിരുന്ന 320 കോടി രൂപയില്‍ 5.78 കോടി രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബോഗിയുടെ മേല്‍ക്കൂര അറുത്തുമാറ്റിയശേഷം അകത്തു പ്രവേശിച്ചാണു മോഷ്ടാക്കള്‍ പണം കവര്‍ന്നത്. മുഷിഞ്ഞതും വിപണിയില്‍നിന്ന് പിന്‍വലിച്ചതുമായ നോട്ടുകളാണു ട്രെയിനില്‍ ഉണ്ടായിരുന്നത്.

ആഗസ്റ്റ് എട്ടാംതിയതി തിങ്കളാഴ്ച സേലത്ത് നിന്നും പുറപ്പെട്ട തീവണ്ടി പുലര്‍ച്ചെ നാലരയോടെ ചെന്നൈ എഗ്മോറില്‍ എത്തിയപ്പോഴാണ് മോഷണ വിവരം ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയുന്നത്.

Top