ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരം. യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം. ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിത. മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനായി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്.
തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അപ്പോളോ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അപ്പോളോ ആശുപത്രിയിലേക്ക് ജനപ്രവാഹം തുടരുകയാണ്. ആശുപത്രി ഇപ്പോള്‍ പൊലീസ് വലയത്തിലാണ്. പൊലീസിന് നിയന്ത്രിക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.
ദ്രുത കര്‍മസേനയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അര്‍ധസൈനിക വിഭാഗങ്ങളും പ്രത്യേക നിര്‍ദേശപ്രകാരം ചെന്നൈക്ക് പുറപ്പെട്ടിട്ടുണ്ട്.
കേരളത്തിലും കര്‍ണാടകയിലും ജാഗ്രതാനിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും തിരിച്ചു വിളിച്ചു
സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഏറെനാള്‍ ഐ.സി.യുവിലായിരുന്നു. നവംബര്‍ 19ന് ആരോഗ്യം വീണ്ടെടുത്തതോടെ അവരെ ഐ.സി.യുവില്‍നിന്ന് ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡിലേക്ക് മാറ്റി. ഞായറാഴ്ച അപ്പോളോ ആശുപത്രിയിലത്തെിയ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ജയലളിത ആരോഗ്യം വീണ്ടെടുത്തതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.