ദ്രാവിഡ മണ്ണില്‍ നിരീശ്വരവാദം മുറുകെ പിടിച്ച് ചരിത്രമെഴുതിയ കരുണാനിധി ഇനി ഓര്‍മ്മ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധി വിടവാങ്ങി. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധി അവിടെ വെച്ചാണ് അന്തരിച്ചത്. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ടായ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തമിഴകമനം കീഴടക്കിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഇവിടേക്ക് പ്രമുഖ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒഴുക്കാണ് അനുഭവപ്പെടുന്നത്.

നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ച അദ്ദേഹത്തിന് അച്ഛനമ്മമാര്‍ നല്‍കിയ പേര് ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു. സ്‌കൂള്‍ കാലത്ത് തന്നെ നാടകം,കവിത,സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി നിന്നിരുന്ന കരുണാനിധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും തന്റെ സജീവസാന്നിധ്യം അറിയിച്ചു. ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സില്‍ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു തുടങ്ങിയെന്നത് എടുത്തു പറയേണ്ടതാണ്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടനയും അദ്ദേഹം രൂപീകരിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ത്ഥി കഴകമായി മാറി.

184069c3-bb84-44b7-9b5b-52c01a24de46

രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തനം എന്നിവയില്‍ മാത്രമല്ല അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളും അദ്ദേഹം രചിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ പേര് വരാതിരുന്നതില്‍ നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്നെ സജീവമായി. പിന്നീട് സേലം മോഡേണ്‍ തിയേറ്റേഴ്‌സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തില്‍ 1949ല്‍ മോഡേണ്‍ തിയേറ്റേഴ്‌സില്‍ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലാവുകയും ചെയ്തു. മോഡേണ്‍ തിയേറ്റേഴ്‌സ് ഉടമയായിരുന്ന ടി.ആര്‍. സുന്ദരത്തിന്റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്റെ നാടകം സിനിമയാക്കിയപ്പോള്‍ അതിന് തിരക്കഥയും സംഭാഷണവും രചിച്ചതും അദ്ദേഹമായിരുന്നു.

കഴിഞ്ഞ മാസം മൂന്നിന്, 95ാമതു ജന്മദിനം ആഘോഷിച്ച കരുണാനിധിക്കു രാഷ്ട്രീയം തന്നെയാണു ജീവിതം. കമ്മ്യൂണിസ്റ്റ് അല്ലാത്ത കമ്മ്യൂണിസ്റ്റുകാരനായാണ് കരുണാനിധിയെ വിലയിരുത്തപ്പെടുന്നത്. മുന്‍ സോവിയറ്റ് യൂണിയന്‍ ഭരണാധികാരിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ സ്റ്റാലിനോടുള്ള ആദരവ് മുന്‍ നിര്‍ത്തി സ്വന്തം മകന് സ്റ്റാലിനെന്ന് പേരിട്ടു. വിശ്വാസികളായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകളെപ്പോലെ നിരീശ്വരവാദം മുറുകെ പിടിച്ചാണ് അദ്ദേഹം മുന്നോട്ടു പോയത്. സിപിഎംസിപിഐ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കരുണാനിധി.

തിരുവാരൂരെന്ന കുഗ്രാമത്തില്‍ ജനിച്ചു രാജ്യത്തെ ഏറ്റവും കൂര്‍മ ബുദ്ധിയുള്ള രാഷ്ട്രീയ തന്ത്രജ്ഞനിലേക്കുള്ള ആ വളര്‍ച്ച ഓരോ ചുവടിലും പോരാടി തന്നെയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണു വിദ്യാര്‍ത്ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ആദ്യചുവടു വച്ചത്. പിന്നീട് പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി.

2a045021-3960-4c51-82f1-3ad30f9588e2

അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിമാറിയപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. സാമൂഹികനീതിയും പ്രാദേശിക വാദവുമുയര്‍ത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാര്‍ട്ടി അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം, 1969ല്‍ അണ്ണാദുരൈ ജീവിതത്തില്‍ വിടവാങ്ങി. പിന്‍ഗാമിയാകാനുള്ള മല്‍സരത്തില്‍ നെടുഞ്ചെഴിയനുള്‍പ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു.

എംജിആറിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറി. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോര്‍ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആര്‍ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വര്‍ഷം അധികാരത്തില്‍നിന്നു പുറത്തായി.

എങ്കിലും പാര്‍ട്ടിയെ ശക്തിയോടെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കരുണാനിധിക്കായി. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ്, 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു. അഴിമതിയും കുടുംബ രാഷ്ട്രീയവുമൊക്കെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും തമിഴ് മനസ്സില്‍ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈജ്ഞര്‍ തന്നെ.

Top