‘തമിഴ്മക്കള്‍ വിഡ്ഢികളല്ല, കള്ളവും വാട്സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസം’; എം.കെ സ്റ്റാലിന്‍

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭരണത്തിലിരിക്കുമ്പോള്‍ കേന്ദ്രം തമിഴ്നാടിനെ ശ്രദ്ധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കള്ളപ്രചാരണം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. തമിഴ്മക്കള്‍ വിഡ്ഢികളല്ല. കള്ളവും വാട്സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ബിജെപിയും എഐഎഡിഎംകെയും പരസ്പരം നാടകം കളിക്കുകയാണെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, ഈ രഹസ്യ സഖ്യം തിരിച്ചറിഞ്ഞ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും തമിഴ്നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. കേന്ദ്രസര്‍ക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും ഡിഎംകെ സര്‍ക്കാരിന് ഇത്രയധികം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പറഞ്ഞ സ്റ്റാലിന്‍, കേന്ദ്രത്തില്‍ അനുകൂല സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് നേട്ടങ്ങള്‍ പതിന്മടങ്ങ് ഉയര്‍ത്താന്‍ കഴിയുമെന്നും പറഞ്ഞു.

ഇനി തമിഴ്നാട്ടിലെത്തുമ്പോള്‍ പ്രധാനമന്ത്രി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടണം. ബിജെപി കൊണ്ടുവന്ന പദ്ധതികള്‍ ഡിഎംകെ നിര്‍ത്തലാക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. ഏത് പദ്ധതിയാണ് ഡിഎംകെ നിര്‍ത്തലാക്കിയതെന്ന് മോദി വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ പ്രധാനമന്ത്രി പബ്ലിസിറ്റി മോഡിലാണ്. ഒരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തുമെന്നതും രണ്ട് കോടി യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്നും പറഞ്ഞ വാഗ്ദാനം എന്തായി എന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

Top