രണ്ട് അമേരിക്കന്‍ കമ്പനികളുടെ നിയമയുദ്ധത്തിനു വേദിയായി ഇന്ത്യന്‍ കോടതി. ഗൂഗിളിന്റെ ഇന്‍-ആപ് ബില്ലിങ് സിസ്റ്റത്തിനെതിരെയാണ് വാള്‍ട്ട് ഡിസ്‌നി തമിഴ്‌നാട് കോടതിയില്‍ കേസുകൊടുത്തത്. തങ്ങളുടെ ഹോട്ട്‌സ്റ്റാര്‍ ആപ്പ് ആപ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിൾ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് ഡിസ്നി കോടതിയെ സമീപിച്ചത്. വിധി ഡിസ്നിക്കു അനുകൂലമായിരുന്നു. ഗൂഗിളിന് ഡിസ്‌നിയുടെ സ്ട്രീമിങ് ആപ്പ് നിരോധിക്കാൻ സാധ്യമല്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ, ഇന്‍-ആപ് പേമെന്റ് 4 ശതമാനത്തില്‍ താഴെയായിരിക്കണമെന്നും കോടതി വിധിച്ചു. ഒരുപക്ഷേ രാജ്യാന്തര ശ്രദ്ധ നേടിയേക്കാവുന്ന വിധിയായിരുന്നു ഇത്.
ഗൂഗിള്‍ ഏകദേശം 15-30 ശതമാനം പണമായിരുന്നു ആപ്പുകളില്‍ നിന്ന് പിടുങ്ങിയിരുന്നത്. ഇത് പിന്നെ 11-26 ശതമാനമാക്കി കുറച്ചു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ ഇന്‍-ആപ് പേമെന്റിനെതിരെ ആപ്പിളിനും ഗൂഗിളിനുമെതിരെ കേസുകള്‍ ഉണ്ട്. തമിഴ്‌നാട് കോടതിയാണ് ഗൂഗിളിനെതിരെ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിധ്വനി രാജ്യാന്തര തലത്തില്‍ തന്നെ ഉണ്ടായേക്കാം. ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ് സ്റ്റോര്‍ നയങ്ങള്‍ക്കെതിരെയുള്ള മറ്റു കമ്പനികളുടെ പോരാട്ടത്തിന് തമിഴ്‌നാട് കോടതിയുടെ വിധി കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നേക്കാം. വിധിയെക്കുറിച്ചു പ്രതികരിക്കാന്‍ ഗൂഗിള്‍ വിസമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ് പറയുന്നു.