ചെന്നൈ: വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം.
തമിഴ്‌നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമി കൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.
നാലു വർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്.