ചെന്നൈ: വനിതാ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തൊട്ട തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് ഗവര്‍ണര്‍ കവിളില്‍ തട്ടിയത്.
ദ വീക്കിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ബന്‍വാരിലാല്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് ബന്‍വാരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ ബന്‍വാരിലാലിന്റെ പേരു കൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഈ വിഷയവുമായി ഒരു ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു 78-കാരനായ ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്.
‘പലവട്ടം ഞാന്‍ മുഖം കഴുകി. ഇപ്പോഴും അതില്‍നിന്ന് മോചിതയാകാന്‍ സാധിക്കുന്നില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
Washed my face several times. Still not able to get rid of it. So agitated and angered Mr Governor Banwarilal Purohit. It might be an act of appreciation by you and grandfatherly attitude. But to me you are wrong.
— Lakshmi Subramanian (@lakhinathan) April 17, 2018
ട്വീറ്റ് പുറത്തെത്തിയതോടെ മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ച് രംഗത്തെത്തി. നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഡി എം കെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.
സര്‍വകലാശാലാ ഉന്നതാധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നാലു വിദ്യാര്‍ഥിനികളോട് ഫോണിലൂടെ നിര്‍മലാ ദേവി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഗവര്‍ണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു നിര്‍മല ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്. വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ ദേവാംഗ ആര്‍ട്സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവിക്കെതിരെയാണ് പരാതി ഉയര്‍ന്നത്.