‘ഗാന്ധിജി നയിച്ച സമരം ഇല്ലാതായി, നേതാജിയാണ് യഥാര്‍ത്ഥ രാഷ്ട്രപിതാവ്’; തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉണ്ടായില്ലെന്നും ആര്‍.എന്‍ രവി. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങള്‍ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കില്‍ 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആര്‍.എന്‍ രവി പറഞ്ഞു.

ഇന്ത്യന്‍ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ കാരണം. ഇത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സര്‍വകലാശാലകള്‍ നേതാജിയെ കുറിച്ചും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ കുറിച്ചും ഗവേഷണങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ രവി കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് വളരെക്കാലം കഴിഞ്ഞപ്പോള്‍ നമ്മുടെ പൈതൃകവും സംസ്‌കാരവും ആത്മീയ ശ്രേഷ്ഠതയും നാം മറന്നു. സ്വാതന്ത്ര്യ സമര സേനാനികളെ നമ്മള്‍ മറന്നു. നേതാജി നിര്‍മ്മിച്ച ഇന്ത്യന്‍ സൈന്യത്തില്‍ ധാരാളം തമിഴര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല. നേതാജി സൈന്യത്തില്‍ വനിതാ സേന രൂപീകരിച്ചു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 7 തലമുറകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകള്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുന്നതെന്നും ആര്‍.എന്‍ രവി.

Top