tamil nadu governor vidyasagar rao statement

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചു.

ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത് എത്തിയത്.

മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ നേരില്‍ കണ്ടു. മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ചു തുടങ്ങി. ആദ്യഘട്ട ചികില്‍സ വിജയകരമായതിനെത്തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

മരുന്നുകളോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്ക് പുറമേ ജയലളിതയുടെ കരളിനും വൃക്കയ്ക്കും ചെറിയ തകരാറുകളുണ്ട്.

അതേസമയം, ജയലളിത ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തികൊണ്ടിരിക്കുകയാണ്. ആശുപത്രിയുടെ പരിസരത്തു മുഴുവന്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്.

ധനമന്ത്രി പനീര്‍സെല്‍വം, തോഴി ശശികല, സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാല്കൃഷ്ണന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ജയലളിതയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്.

Top