തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എം.കെ. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി. അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് രാജി.

കള്ളപ്പണക്കേസില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 13-ന് അറസ്റ്റിലായ ബാലാജി പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

വകുപ്പില്ലാമന്ത്രി എന്നുപറയുന്നത് ഭരണഘടനയെ പരിഹാസ്യമാക്കുന്ന ഏര്‍പ്പാടാണെന്നും എന്നാല്‍, മന്ത്രിസഭയില്‍നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ബാലാജിയുടെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് രാജി. മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി സര്‍ക്കാരിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Top