ചെന്നൈ: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ല. ഇതിനെ നിയമപരമായി നേരിടും. അംബേദ്ക്കറും പെരിയാറും പറഞ്ഞതില്‍ കൂടുതലൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ സ്ഥാനമല്ല പ്രധാനം. ഇന്ന് മന്ത്രി, എം.എല്‍.എ, യൂത്ത് വിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൊക്കെയുണ്ട്. നാളെ അത് ഉണ്ടാകണമെന്നില്ല. എല്ലാത്തിനുമുപരി നമ്മളാദ്യം മനുഷ്യനാവണം. ദശാബ്ദങ്ങളായി സനാതന ധര്‍മ്മത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നുണ്ട്. ഏത് കാലത്തും ഞങ്ങള്‍ അതിനെ എതിര്‍ക്കും’, അദ്ദേഹം വ്യക്തമാക്കി.
അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ജയചന്ദ്രന്റെ നിരീക്ഷണത്തിനു പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം.
‘തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ആളുകളെ വിഭജിക്കാനുള്ള കഴിവുണ്ടെന്ന് അധികാരത്തില്‍ ഇരിക്കുന്നവര്‍ ഓര്‍ക്കണം. ഇവര്‍ ഉത്തരാവാദിത്വപരമായി പെരുമാറുകയും ഇത്തരം കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും വേണം. പകരം, സാമൂഹ്യപ്രശ്നങ്ങളായ മദ്യം, മയക്കുമരുന്ന് എന്നിവ ഇല്ലായ്മ ചെയ്യുന്നതില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’, കോടതി പറഞ്ഞു.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാനുള്ള ഒരു യോഗത്തില്‍ ഭരണപക്ഷത്തെ ചില അംഗങ്ങളും മന്ത്രിമാരും പങ്കെടുത്തിരുന്നെന്നും ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നത് പോലീസിന്റെ കൃത്യവിലോപമാണെന്നും കോടതി പറഞ്ഞു.