ചെന്നൈ: വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്‌ലജെക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് മധുര പൊലീസ് ആണ് കേസെടുത്ത്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്‌ഐആറില്‍ പറയുന്നു.
നേരത്തെ ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു.കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ പതിവ് രീതിയാണ് ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനയും. ഇത്തരം പരാമര്‍ശങ്ങളിലൂടെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്ത്‌ലജെ രംഗത്തെത്തിയത്. ഇരു സംസ്ഥാനങ്ങള്‍ക്കുമെതിരെ വര്‍ഗീയ – വിദ്വേഷ പരാമര്‍ശങ്ങളാണ് ബംഗളൂരു നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്ത്‌ലജെ നടത്തിയത്. തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു എന്നാണ് ശോഭ കരന്ത്‌ലജെ പറഞ്ഞത്. കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവര്‍ രംഗത്തെത്തി. വിദ്വേഷ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.