നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ:  നിരവധി കൊലപാതക കേസുകളിലും ഗുണ്ടാ അക്രമങ്ങളിലുംപതികളായ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി തമിഴ്നാട് പോലീസ്. ചെന്നൈ സ്വദേശികളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്തുള്ള ഗുഡുവഞ്ചേരി എന്ന പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ന് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഇതിനിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവഗുരുനാഥനെ ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളാകുന്നത്. തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടെങ്കിലും പ്രതികളുടെ കാര്‍ പോലീസ് വാഹനത്തില്‍ ചെന്ന് ഇടിച്ചു. ഇതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയ നാല് പേര്‍ പോലീസിനെ അക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സ്വയംരക്ഷയ്ക്കായി ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് നിലവില്‍ പോലീസ് നല്‍കുന്ന വിവരം. ഇവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച രണ്ട് പേര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

16 കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 50-ലധികം കേസുകളില്‍ പ്രതിയാണ് ഛോട്ടാ വിനോദ് എന്ന് അറയിപ്പെടുന്ന വിനോദ്. അതേസമയം, ആറ് കൊലപാതകങ്ങളുള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് രമേശ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തമിഴ്നാട് ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

Top