തമിഴകത്തെ കാറ്റ് ഇപ്പോള്‍ കമല്‍ഹാസന് അനുകൂലം, അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ചെന്നൈ: സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴകത്ത് പര്യടനം തുടരുന്ന നടന്‍ കമല്‍ ഹാസന് അനുകൂലമായി തമിഴകത്ത് വികാരം. കന്നടക്കാരനായ രജനീകാന്തിനേക്കാള്‍ തമിഴനായ കമല്‍ഹാസന്‍ തങ്ങളെ ഭരിക്കണമെന്ന വികാരവും ഇവിടെ വൈകാരികമായി തുടങ്ങിയിട്ടുണ്ട്.

കാമ്പസുകള്‍ കേന്ദ്രീകരിച്ച് കമല്‍ നടത്തിയ മുഖാമുഖം പരിപാടിയും പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതുമാണ് തമിഴകത്ത് ഉലകനായകന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കാരണം. മുന്‍ എസ്.എഫ് .ഐ നേതാവാണ് കമലിന്റെ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കാമ്പസുകളിലെ തരംഗം ഇപ്പോള്‍ പുറത്തേക്കും വ്യാപിച്ച് തുടങ്ങിയതിനെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തകരും ഹാപ്പിയാണ്. ദിവസേന ഒട്ടേറെ പേര്‍ മക്കള്‍ നീതി മയ്യ ത്തില്‍ അംഗത്വമെടുക്കുന്നുണ്ട്.

യുവജനങ്ങളെ ആദ്യം ടാര്‍ഗറ്റ് ചെയ്യുന്ന കമല്‍ അക്കാര്യത്തില്‍ ഏകദേശം വിജയിച്ചു കഴിഞ്ഞതായാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ജനപ്രിയ ടി.വി ഷോ ബിഗ് ബോസും കമലിന് അനുകൂലമായി മാറിയിട്ടുണ്ട്.

സി.പി.എം, ആം ആദ്മി പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി മുന്നോട്ട് പോകാനാണ് താരത്തിന്റെ നീക്കം.

കേരള മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ എന്നിവരുമായി അടുത്ത ബന്ധമാണ് കമലിന് ഉള്ളത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞ രജനിയും ഇപ്പോള്‍ സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയാണ്. കമലിന് യുവജനങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിക്കാന്‍ പറ്റുന്നത് രജനിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

രജനി കൂടി രംഗത്ത് ഇറങ്ങുന്നതോടെ തമിഴക രാഷ്ട്രീയത്തിലും സിനിമാരംഗത്തുള്ളതുപോലെ കമല്‍-രജനി പോരാട്ടമായി മാറുമോയെന്ന ഭയം ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.

യു.പിയിലും ബീഹാറിലും ലോക് സഭ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ബി.ജെ.പിയെ പരസ്യമായി തള്ളിപ്പറയേണ്ട സാഹചര്യവും ഇവിടെ രജനിക്കുണ്ടായി.

പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച് രാജ ആഹ്വാനം ചെയ്തതും തമിഴകത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴകത്ത് പെരിയാര്‍ പ്രതിമ തകര്‍ക്കണമെന്നായിരുന്നു ആഹ്വാനം.

ബി.ജെ.പി നിര്‍ദേശ പ്രകാരമാണ് രജനി രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന പ്രചരണമുള്ളതിനാല്‍ ഈ സംഭവവികാസങ്ങളെല്ലാം സൂപ്പര്‍ സ്റ്റാറിനാണ് വെല്ലുവിളി ഉയര്‍ത്തിയത്.

പ്രതിമ തകര്‍ത്തതിനെതിരെ രജനി പിന്നീട് രംഗത്ത് വന്നിട്ടുണ്ടെങ്കിലും അദ്ദേഹം വിഭാവനം ചെയ്യുന്ന ആത്മീയ രാഷ്ട്രീയത്തെ സംശയത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ നോക്കി കാണുന്നത്.

രജനിയെ പ്രതിരോധത്തിലാക്കുന്ന ഈ സാഹചര്യങ്ങളെല്ലാം ശരിക്കും ഉപയോഗപ്പെടുത്തി ഇപ്പോള്‍ ഫീല്‍ഡില്‍ വിലസുന്നത് കമലാണ്. വലിയ കൂട്ടമാണ് അദ്ദേഹത്തെ ശ്രവിക്കാന്‍ തടിച്ച് കൂടുന്നത്. ഇത് അനുകൂല തരംഗമായാണ് ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തകര്‍ കരുതുന്നത്.

കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേരത്തെതന്നെ ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ഇതാടൊപ്പം തന്നെ തമിഴകത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിരവധി വര്‍ഷങ്ങളായി ബി.ജെ.പി ഭരണം നടത്തുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന് ആശങ്കയുള്ളതിനാല്‍ ലോക് സഭ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ നടത്താനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആലോചന.

(വീഡിയോ കടപ്പാട് : എ.വി.ഐ മൂവി മേക്കേഴ്സ്)

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top