ചെന്നൈ: കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. 9,10,11 റഗുലർ ക്ലാസുകൾ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചത്. ഹോസ്റ്റലുകളും അടച്ചു. എന്നാൽ പത്താം ക്ലാസിലെ ചില ബോർഡ് പരീക്ഷകൾ ഇപ്പോൾ നടക്കുന്നുണ്ട്. അവയ്ക്കായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്പെഷൽ ക്ലാസ് നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തഞ്ചാവൂരിലെ 11 സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്കൂളുകൾക്കെതിരേ സർക്കാർ നടപടിയും സ്വീകരിച്ചു. ഇതിന് ശേഷമാണ് എല്ലാ സ്കൂളുകളും അടച്ചിടാനുള്ള തീരുമാനം സർക്കാർ എടുത്തത്. നാടാകെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുകയായിരുന്നു.
80 ദിവസത്തിന് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതാണ് ആശങ്കയ്ക്ക് കാരണമായത്. രണ്ടാഴ്ച മുൻപ് വരെ ദിവസം അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമേ പുതുതായി കോവിഡ് ബാധിതരായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1087 പേർക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു.
പുതുച്ചേരി, ആന്ധ്ര, കർണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ തമിഴ്നാട്ടിൽ നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഉൾപ്പെടെ തമിഴ്നാട്ടിൽ എത്തുന്നവർ പാസ് നിർബന്ധമായും എടുക്കണം. എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. ആളുകൾ ജാഗ്രത കൈവിടരുതെന്നും മാസ്ക് ധരിക്കണമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. പുതുച്ചേരിയിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്. ഇതോടെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ വീണ്ടും അടച്ചിട്ടു.