ചെന്നൈ: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതില്‍ നല്‍കിയ ഉത്തരവ് മരവിപ്പിച്ചതില്‍ പ്രതികരണവുമായി തമിഴ്‌നാട്. സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പിച്ചതില്‍ ഇടപെടാനില്ലെന്നും കേരളത്തിന്റെ തീരുമാനം തമിഴ്‌നാട് മാനിക്കുന്നതായും മന്ത്രി ജലവിഭവ മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.
മാത്രമല്ല, രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രശ്‌നത്തിനില്ലെന്നും, വൈകാരിക വിഷയത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനില്ലെന്നും ദുരൈമുരുകന്‍ വ്യക്തമാക്കി.
നേരത്തെ, മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ മരം വെട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിസ്ഥിതി അനുമതിയും ആവശ്യമാണ്.
ഇത്തരം നിയമപരമായ അനുമതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവ് മരവിപ്പിക്കുന്നതായി പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.