കൊളമ്പോ: ഏഴുവര്‍ഷം മുമ്പ് ശ്രീലങ്കന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് ദേശീയ സഖ്യകക്ഷി നേതാവ്.
ആഭ്യന്തര യുദ്ധത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനായി പുതുതായി ആരംഭിച്ച ഓഫിസില്‍ പ്രഭാകരന്റെ പേര് നല്‍കണമെന്ന് തമിഴ് നേതാവും ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യയിലെ കൗണ്‍സില്‍ അംഗവുമായ എം. ശിവാജിലിംഗം ആവശ്യപ്പെട്ടു.
പ്രാദേശിക എഫ്.എം റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ശിവാജി ലിംഗം ഇങ്ങനെ പറഞ്ഞത്. പ്രഭാകരന്റെ സഹോദരങ്ങള്‍ മുന്നോട്ടുവരികയാണെങ്കില്‍ ഇതിനുള്ള സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രൂപസാദൃശ്യമുള്ള അപരന്മാരെയും പ്രഭാകരന്‍ കൊണ്ടു നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തമിഴ് നേതാവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ അതീവ ഗൗരവമായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
2009 മേയ് 19നാണ് പ്രഭാകരനെ സൈന്യം വെടിവെച്ചു കൊന്നത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് ശ്രീലങ്കയില്‍ തിരശ്ശീല വീഴുകയായിരുന്നു. പ്രഭാകരന്റെ മരണത്തെ തുടര്‍ന്ന് ബാക്കിയുള്ള എല്‍.ടി.ടി.ഇ നേതാക്കളും അണികളും സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. എന്നാല്‍, തമിഴ് വംശജരില്‍ വലിയൊരു വിഭാഗം ഇപ്പോഴും പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
പ്രഭാകരന്റേതെന്ന രൂപത്തില്‍ സൈന്യം പ്രദര്‍ശിപ്പിച്ച മൃതശരീരം ‘അപരന്റേതാ’ണെന്നാണ് ഇവരുടെ വാദം.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി ഓഫിസ് തുറന്നത്. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടനയുടെ കണക്കു പ്രകാരം ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധത്തിനിടെ 16,000 ത്തോളം പേരെ കാണാതായിട്ടുണ്ട്.