കര്‍ണ്ണാടകയില്‍ തമിഴ് ഭാഷയിലുള്ള പോസ്റ്ററുകള്‍ വലിച്ചു കീറി കന്നഡ സംഘം

kannade_rakshane

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ പതിച്ചിരുന്ന തമിഴ് ഭാഷയിലുള്ള പോസ്റ്ററുകള്‍ വലിച്ചു കീറി കന്നഡ രക്ഷണ സംഘടന. കര്‍ണ്ണാടകയില്‍ കന്നഡ ഭാഷയിലുള്ള പോസ്റ്ററുകള്‍ മാത്രം മതിയെന്നും, മറ്റ് ഭാഷകളില്‍ നിന്നുള്ള പോസ്റ്ററുകള്‍ ഇവിടെ അനുവദനീയമല്ലെന്നും സംഘം തലവന്‍ പ്രവീണ്‍ ഷെട്ടി പറഞ്ഞു.

മകര പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി കര്‍ണ്ണാടകയിലെ തമിഴ് ജനങ്ങള്‍ക്ക് ആശംസകളുമായുയര്‍ന്ന പോസ്റ്ററാണ് സംഘം വലിച്ചു കീറി നീക്കം ചെയ്തത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ തലവനായ ഇളമലൈയാണ് തമിഴ് മാധ്യമത്തിലുള്ള ആശംസ ബാനര്‍ ഒട്ടിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘം ബാനര്‍ നശിപ്പിച്ചത്. തുടര്‍ന്ന് സംഘം ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും, ഔദ്യോഗികസ്ഥാനത്തു നിന്നും രാജിവെച്ചൊഴിയാനും സംഘടന അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

നേരത്തെ, ഉര്‍ദു, തെലുങ്കു, ഹിന്ദി ഭാഷയിലുള്ള പോസ്റ്ററുകളും ഇതുപോലെ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ബാംഗ്ലൂരിലെ മെട്രോ സ്‌റ്റേഷനില്‍ ഹിന്ദി ഭാഷയില്‍ സ്ഥലത്തിന്റെ പേര് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബി.എം.ആര്‍.സി.എല്ലുമായി ബന്ധപ്പെട്ട് ഹിന്ദിയിലുള്ള സൈന്‍ ബോര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ അന്യഭാഷകള്‍ സംസാരിക്കുന്നതെന്തിനാണെന്നാണ് സംഘം ചോദിക്കുന്നത് .ഇവിടെ എത്തുന്നവര്‍, ഇംഗ്ലീഷ് അല്ലെങ്കില്‍ കന്നഡ സംസാരിക്കാന്‍ പഠിക്കണം അല്ലാതെ അവരുടെ ഭാഷയല്ല ഇവിടെ ഉപയോഗിക്കേണ്ടതെന്നും സംഘം പറഞ്ഞു.

Top