തമിഴ്ജനതയുടെ മനം കവര്‍ന്ന് അധികാരത്തിലേറാന്‍ രാജപക്‌സെ ഭരണകൂടം..

കൊളംബോ:തമിഴ് ജനതയുടെ മനം കവര്‍ന്ന് അധികാരത്തിലേറാന്‍ രാജപക്‌സെ ഭരണകൂടം അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിച്ചാണ് തമിഴ് വംശജരുടെ പ്രീതി പിടിച്ചു പറ്റാന്‍ രാജപക്ഷെയുടെ ശ്രമം. പാര്‍ല്ലമെന്റ്ല്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് അയവു വരുത്തി വീണ്ടു അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് രാജപക്‌സെ നടത്തുന്നത്. പാര്‍ല്ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനും തമിഴ് ദേശീയ സഖ്യത്തിന്റെ പിന്തുണ അനിവാര്യമായ സാഹചര്യവും മുന്നില്‍ കണ്ടാണ് രാജപക്‌സെ നീങ്ങുന്നത്. പാര്‍ല്ലമെന്റ് വീണ്ടും വിളിച്ചു ചേര്‍ക്കണമെന്നുമാണ് രാജപക്ഷെ വിഭാഗം ഉന്നയിക്കുന്നത്.

തടവുകാരുടെ മോചന കാര്യത്തില്‍ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി രാജപക്‌സെയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 225 അംഗ പാര്‍ല്ലമെന്റില്‍ രാജപക്‌സെയ്ക്ക് 100 എംപിമാരുടെയും പുറത്താക്കപ്പെട്ട റനില്‍ വിക്രമസിംഗയ്ക്ക് 103 പേരുടെയും പിന്തുണയാണ് നിലവില്‍ ഉള്ളത്. ടിഎന്‍എ എംപിമാര്‍ ഉള്‍പ്പെടുന്ന 22 എംപിമാര്‍ രാജപക്‌സെയെ എതിര്‍ത്തേക്കുമെന്ന ഭയത്താലാണ് തടവുകാരെ മോചിപ്പിച്ച് ടിഎന്‍എയെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നത്.

അതേസമയം, പ്രത്യേക രാഷ്ട്രത്തിന് വേണ്ടി എല്‍ടിടിഇ നടത്തിയ പോരാട്ടത്തെ അടിച്ചമര്‍ത്തിയ വ്യക്തിയാണ് രാജപക്‌സെ. എല്‍ടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരനെ 2009 ല്‍ വധിച്ചതോടെയാണ് ആഭ്യന്തര യുദ്ധത്തിന് അറുതിയായത്. തടവിലുണ്ടായിരുന്ന തമിഴ് പോരാളികളെ രാഷ്ട്രീയ തടവുകാര്‍ അല്ലെന്ന് പറഞ്ഞ് വിട്ടയച്ചിരുന്നില്ല. കുറ്റപ്പത്രം പോലും നല്‍കാതെ ഇവരെ ഭീകര വിരുദ്ധ നിയമത്തില്‍ കീഴിലാക്കിയ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു വരുകയുമായിരുന്നു. എന്നാല്‍ രാജപക്‌സെയുടെ ഈ അപ്രതീക്ഷിത നീക്കത്തെ റനില്‍ വിക്രമസിംഗ വിഭാഗം കരുതലോടെയാണ് വീക്ഷിക്കുന്നത്.

Top