ഷാജി കൈലാസും പൃഥ്വിരാജും ഒരുമിച്ച രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തി. കടുവയും കാപ്പയും. കടുവയായിരുന്നു ഇതില്‍ ആദ്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 7 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഓഗസ്റ്റ് 4 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തി. ഇപ്പോഴിതാ എട്ട് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റ പതിപ്പ് തമിഴ്നാട്ടില്‍ റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ അങ്ങോളമിങ്ങോളം 65 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 3ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. തിരുപ്പതി പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിരിക്കുന്നത്.
കടുവയുടെ മലയാളം പതിപ്പ് റിലീസിന്റെ ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷന്‍ നേടിയിരുന്നു. പൃഥ്വിരാജിന്റെ അതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച ഇനിഷ്യലുമായിരുന്നു ഇത്. ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ തന്നെ നേടിയത്. മറുഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ മികച്ച പ്രചരണം നല്‍കി പ്രാധാന്യത്തോടെ റിലീസ് ചെയ്‍തതും ചിത്രത്തിന് തുണയായിരുന്നു.
#Prithviraj ‘s #Kaduva TN theatre list is here
TN release by@thirupatipics@prithviofficial @iamsamyuktha_#Kaduva #KaduvaFromMar3 #KaduvaTamil#KaduvaFromToday pic.twitter.com/pOCGMAZLtq
— Ramesh Bala (@rameshlaus) March 3, 2023
ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തു. എന്നാല്‍ കടുവയാണ് ആദ്യം റിലീസ് ചെയ്തത്. അതേസമയം ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന ആകാംക്ഷയിലാണ് വിതരണക്കാര്‍. കടുവയ്ക്കു ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച കാപ്പയും പ്രേക്ഷകപ്രീതി നേടിയിരുന്നു.